ഭരണ പരിഷ്‌കാര കമ്മീഷനെ സര്‍ക്കാര്‍ അവഹേളിക്കുന്നു; അതൃപ്തി അറിയിച്ച് ചീഫ് സെക്രട്ടറിക്ക് വിഎസിന്റെ കത്ത്; നടപടിക്രമങ്ങള്‍ ലംഘിച്ചു വെന്ന് ആരോപിച്ചാണ് കത്ത് നല്‍കിയത്

തിരുവനന്തപുരം: ഭരണ പരിഷ്‌കാര കമ്മീഷന്‍ രൂപവത്കരിച്ചിട്ടും പിന്നീട് നടപടികളുണ്ടാകാത്തതില്‍ അതൃപ്തി അറിയിച്ച് വിഎസ് അച്യുതാനന്ദന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. ഭരണപരിഷ്‌കരണ കമ്മീഷനെ സര്‍ക്കാര്‍ അവഹേളിക്കുകയാണെന്ന് കാണിച്ചാണ് ചീഫ് സെക്രട്ടറിക്ക് വിഎസിന്റെ കത്ത്.ഉറപ്പ് നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി സെക്രട്ടേറിയറ്റിന് പുറത്ത് കമ്മിഷന് ഓഫീസ് നല്‍കിയത് അവഹേളനപരമാണെന്നും കമ്മിഷനെ കാര്യങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാരിന് അനാസ്ഥയാണെന്നും കത്തില്‍ കുറ്റപ്പെടുന്നു. കമ്മിഷന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാമെന്ന് കാണിച്ച് ഓഗസ്റ്റ് 18ന് താന്‍ കത്തു നല്‍കിയെന്നത് ശരിയാണ്. എന്നാല്‍ കമ്മിഷന് വേണ്ട ഓഫീസോ മറ്റു കാര്യങ്ങളോ അറിയിച്ചിരുന്നില്ല. ആവശ്യപ്പെട്ട ഔദ്യോഗിക വസതി അനുവദിക്കാത്തിലും കത്തില്‍ അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്. തന്റെ ഓഫീസിന്റെ കാര്യം സംസാരിച്ചപ്പോള്‍ ഓഫീസ് സെക്രട്ടേറിയറ്റിന് അകത്തായിരിക്കുമെന്നും ഔദ്യോഗിക വസതി കവഡിയാര്‍ ഹൗസും ആയിരിക്കുമെന്നാണല്ലോ നേരത്തെ അറിയിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ മറ്റൊരു ഓഫീസ് അനുവദിച്ചതിലൂടെ സര്‍ക്കാര്‍ കമ്മിഷനെ അവഹേളിക്കുകയാണെന്നും കത്തില്‍ വിഎസ് പറയുന്നു. ഒന്നാം തിയതി അച്ചടിച്ച കത്ത് തിരുവനന്തപുരത്തുള്ള തന്നെ അറിയിക്കുന്നതിന് അഞ്ച് ദിവസത്തെ കാലതാമസമെടുത്തെന്നും സര്‍ക്കാരിന്റെ അനാസ്ഥയാണ് ഇതു കാണിക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. ഭരണപരിഷ്‌കാര കമ്മിഷനെ ചൊല്ലി ഇന്നതെ വിഎസ് പ്രതികരിച്ചതോടെ ഇന്നലെ വൈകുന്നേരമാണ് ഓഫീസ് അനുവദിച്ചുള്ള കത്ത് വിഎസിന് ലഭിച്ചത്. കമ്മിഷന്റെ ഓഫീസ് ഐഎംജിയിലായിരിക്കുമെന്ന ഒറ്റവരി കത്താണ് വിഎസിന് ലഭിച്ചത്. കത്തില്‍ ഒന്നാം തിയതിയാണ് രേഖപ്പെടുത്തിയത്. കമ്മിഷന്‍ അധ്യക്ഷന്റെ ഔദ്യോഗിക വസതി സംബന്ധിച്ച വിവരങ്ങളൊന്നും ഇതിലില്ലായിരുന്നു.

© 2024 Live Kerala News. All Rights Reserved.