തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ജിഷ്ണു പ്രണോയിയുടെ പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ജിഷ്ണുവിനേറ്റ മുറിവുകള്‍ മരണത്തിന് മുമ്പ് സംഭവിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മുഖത്ത് മൂന്ന് മുറിവുകള്‍,കീഴ്ച്ചുണ്ടിലും മേല്‍ചുണ്ടിലും രണ്ട് മുറിവുകള്‍, മൂക്കിന്റെ പാലത്തില്‍ ഒരു മുറിവ് പറ്റിയിട്ടുണ്ട്. ജിഷ്ണുവിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് പിജി വിദ്യാര്‍ത്ഥിയാണെന്ന് സ്ഥിതീകരിക്കപ്പെട്ടിട്ടുണ്ട്.മേല്‍ചുണ്ടിലും കീഴ്ചുണ്ടിലും മുഖത്തുമുള്ള മുറിവുകള്‍ ആഴത്തില്‍ ഉള്ളതല്ല. അതിനാല്‍ തന്നെ ഇവയല്ല മരണകാരണം. പക്ഷേ, ഈ മുറിവുകള്‍ എങ്ങനെ ഉണ്ടായി എന്ന കാര്യം വ്യക്തമല്ല. എഎസ്പി കിരണ്‍ നാരായണന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ജിഷ്ണു എഴുതിയ അവസാന പരീക്ഷ അന്വേഷണ സംഘം പുനരാവിഷ്‌കരിച്ചിരുന്നു. തുടര്‍ന്നു വിദ്യാര്‍ഥികളില്‍നിന്നു രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ചു. ഇന്നലെ രാവിലെ മുതല്‍ സംഘത്തിലെ പലരും കോളജിലും ഹോസ്റ്റലിലുമായി ഊര്‍ജിതമായ അന്വേഷണം നടത്തിയിരുന്നു.ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് കോളജ് ഹോസ്റ്റലില്‍ ജീവനൊടുക്കിയതു കോളജ് അധികൃതരുടെ പീഡനം മൂലമാണെന്നാരോപിച്ച് സുഹൃത്തുക്കളും വിവിധ വിദ്യാര്‍ഥി, യുവജന സംഘടനകളും രംഗത്തെത്തിയിരുന്നു.