കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിച്ചു; മുഖ്യമന്ത്രിയെ കാണും;മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം

കോഴിക്കോട്:എന്‍ജിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്രു കോളേജ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം.കൃഷ്ണദാസിന് അനുകൂലമായി വിധിയുണ്ടാകുമെന്ന് കരുതിയിരുന്നതായും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു. കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൃഷ്ണദാസിന്റെ പങ്ക് വ്യക്തമാക്കുന്നത്. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ അയാളില്‍ നിന്നും പണം കൈപ്പറ്റി കേസ് അട്ടിമറിക്കുയായിരുന്നു. 250 കോടി വരുമാനമുള്ള കൃഷ്ണദാസിന് അതിന്റെ പത്ത് ശതമാനം ഉപയോഗിച്ചാല്‍ പോലും ഈ കേസില്‍ നിന്നും രക്ഷപ്പെടാമെന്നും ഇവര്‍ ആരോപിക്കുന്നു. പ്രതികള്‍ക്കെതിരെ നേരിട്ട് ഏറ്റുമുട്ടാനോ സമരത്തിനോ ഞങ്ങളില്ല. ഞങ്ങള്‍ ദുര്‍ബലരാണ്. ഇത് കേരളസമൂഹം ഏറ്റെടുക്കണം. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇവര്‍ പറയുന്നു.വിഷയത്തില്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കുമെന്നും ജിഷ്ണുവിന്റെ കുടുംബം പറയുന്നു.കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഹൈക്കോടതി വിധിയെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിക്കവെ ജിഷ്ണുവിന്റെ അമ്മ മഹിജ പൊട്ടിക്കരഞ്ഞു. കുറ്റക്കാരെ എല്ലാവരേയും ശിക്ഷിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.