ജിഷ്ണു പ്രണോയിമാര്‍ ഇനി ഉണ്ടാകരുത്;സ്വാശ്രയ കോളെജുകളിലെ ഇടിമുറികള്‍ നിര്‍ത്താന്‍ ഇടപെടണം; പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: നെഹ്‌റു കോളജ് ചെയര്‍മാന്‍ പി. കൃഷ്ണദാസിനു മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ കെ.പി. മഹിജ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി.സ്വാശ്രയ കോളജുകളിലെ ഇടിമുറികള്‍ നിരോധിക്കണമെന്നും ഇനിയൊരു ജിഷ്ണുവും ഉണ്ടാകുന്നതിനുള്ള സാഹചര്യമുണ്ടാകരുതെന്നും മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സ്വാശ്രയ കോളജുകളിലെ ഇടിമുറികളെക്കുറിച്ച് അന്വേഷിക്കണം. ക്യാംപസുകളിലെ ഇടിമുറികള്‍ തടയണം. കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.പാലക്കാട് ലക്കിടി ലോ കോളേജ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലും കൃഷ്ണദാസിന് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് നിയമപരമല്ലന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി കൃഷ്ണദാസിന് ജാമ്യം നല്‍കിയത്.