പാമ്പാടി കോളേജിലെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റേത് തന്നെ;തെളിഞ്ഞത് ഫോറന്‍സിക് പരിശോധനയില്‍;സ്ഥിരീകരണത്തിനു മാതാപിതാക്കളുടെ ഡിഎന്‍എ പരിശോധന നടത്തും

കോഴിക്കോട്: പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളേജില്‍ ഇടിമുറിയില്‍ നിന്ന് കണ്ടെത്തിയ രക്തക്കറക്ക് മരിച്ച വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ രക്തഗ്രൂപ്പ് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ നിന്ന് ലഭിച്ചത് ജിഷണുവിന്റെ രക്ത ഗ്രൂപ്പായ ഓ പോസിറ്റീവ് രക്തം തന്നെയാണെന്നും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി മാതാ പിതാക്കളുടെ ഡി.എന്‍.എ പരിശോധന നടത്തുമെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.മാതാ പിതാക്കളുടെ ഡി.എന്‍.എ പരിശോധനക്കായി അന്വേഷണ സംഘം നാദാപുരത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തുക.കേസില്‍ കോളേജിലെ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയെയാണ് വിദ്യാര്‍ത്ഥികള്‍ ഇടിമുറി എന്ന് വിശേഷിപ്പിച്ചിരുന്നത്. പരിശോധന നടത്തിയ ഫോറന്‍സിക് വിഭാഗമാണ് ഇവിടെ നിന്നും രക്തക്കറ കണ്ടെത്തിയത്. ഇവിടെ വെച്ച് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായതായി ആരോപണം ഉയര്‍ന്നിരുന്നു. പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നുമുള്ള വാദം ശക്തമായതോടെയാണ് മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത്. തുടര്‍ന്ന് ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നത് പുറത്ത് വന്നിരുന്നു. മരണസമയത്ത് ജിഷ്ണുവിന്റെ വായില്‍ നിന്ന് രക്തം വന്നിരുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.