ഹൈക്കോടതി ജഡ്ജിക്കെതിരെ ആരോപണം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍; ആരോപണം അടിസ്ഥാനരഹിതം

കൊച്ചി: ഹൈക്കോടതി ജഡ്ജിക്കെതിരായി ആരോപണങ്ങള്‍ ഉന്നയിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്‌ക്കെതിരെ ബാര്‍ കൗണ്‍സില്‍.
നെഹ്‌റു ഗ്രൂപ്പ് കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ഹൈക്കോടതി ജഡ്ജിക്ക് കൃഷ്ണദാസുമായി ബന്ധമുണ്ടെന്ന് ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി.ജഡ്ജിക്കെതിരായ മഹിജയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ജിഷ്ണുവിന്റെ അമ്മ മഹിജയോട് വിശദീകരണം തേടുമെന്നും ബാര്‍ കൗണ്‍സില്‍. വിശദീകരണം തൃപ്തികരമല്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നാണ് മുന്നറിയിപ്പ്.ജഡ്ജിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ക്ലാസ് എടുക്കാനാണ് അദ്ദേഹം കോളേജില്‍ പോയതെന്നുമാണ് ബാര്‍ കൗണ്‍സില്‍ വിശദീകരണം.നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ അറസ്റ്റില്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യുവിന് നെഹ്‌റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്നാണ് ജിഷ്ണുവിന്റെ അമ്മ മഹിജ ആരോപിച്ചത്. നെഹ്‌റു ഗ്രൂപ്പിന്റെ ആതിഥ്യം സ്വീകരിക്കുന്ന സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രസഹിതം ചീഫ് ജസ്റ്റിസിന് മഹിജ പരാതി നല്‍കുകയും ചെയ്തിരുന്നു.നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന തനിക്കു വ്യക്തിപരമായി വിശ്വാസം നഷ്ടപ്പെടാനും തന്റെ മകന് നീതി ലഭിക്കില്ലെന്ന തോന്നലുണ്ടാകാനും ഇടയായതായും കത്തില്‍ പറയുന്നു.നീതി ലഭിക്കാനാവശ്യമായ ഇടപെടല്‍ ഉണ്ടാകണമെന്നും ജഡ്ജിയും കോളജ് അധികൃതരും തമ്മിലുള്ള ബന്ധം സംശുദ്ധമാണെന്ന് ബോധ്യപ്പെടുത്തിത്തരണമെന്നും കത്തില്‍ അപേക്ഷിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.