നിങ്ങ ഞമ്മളെ ‘കലക്ടര്‍ ബ്രോ’ ആക്കിയെന്ന കോഴിക്കോട് കലക്ടറുടെ പോസ്റ്റ് വൈറലാകുന്നു

 

കോഴിക്കോട്: ഡിസിസി പ്രിസിഡന്റ് കെ.സി. അബുവിന്റെ വിവാദ പരാമര്‍ശത്തിന് ശേഷം കോഴിക്കോട് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഇപ്പോള്‍ ‘കലക്ടര്‍ ബ്രോ’ ആയി. അബുവിന്റെ പരാമര്‍ശത്തിന് എതിരായും കലക്ടര്‍ക്ക് അനുകൂലമായും നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

നിങ്ങ ഞമ്മളെ ‘കലക്ടര്‍ ബ്രോ’ ആക്കിയെന്ന കലക്ടറുടെ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടതോടെ സംഭവം വൈറലായിരിക്കുകയാണ്. കലക്ടര്‍ ഫെയ്‌സ്ബുക്കില്‍ ഷൈന്‍ ചെയ്യുകയാണെന്നും ഫോണെടുക്കുന്നില്ലെന്നുമുള്ള അബുവിന്റെ പരാമര്‍ശത്തിനു ശേഷമാണ് സംഭവവികാസങ്ങള്‍.

ന്യൂജെന്‍ സ്‌റ്റൈലില്‍ സ്‌നേഹപൂര്‍വ്വം എന്‍. പ്രശാന്തിനെ ‘കലക്ടര്‍ ബ്രോ’ എന്നാണ് ആളുകള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നിങ്ങ പൊളിക്ക് ബ്രോ, നുമ്മളുണ്ട് ബ്രോ, ഓന് പിരാന്താണ് കലക്ടര്‍ ബ്രോ അങ്ങനെ പോകുന്നു കമന്റുകള്‍. ആളുകളുടെ സ്‌നേഹത്തിന് മറുപടിയായി പ്രശാന്ത് തന്നെ ഫെയ്‌സ്ബുക്കില്‍ നല്ല കോഴിക്കോടന്‍ സ്‌റ്റൈലില്‍ തന്നെ കുറിച്ചു നിങ്ങ ഞമ്മളെ ‘കലക്ടര്‍ ബ്രോ’ ആക്കി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് സോഷ്യല്‍ മീഡിയ വഴിയും ജില്ലയിലെ തന്റെ പ്രവര്‍ത്തനം കൊണ്ടും ശ്രദ്ധനേടിയ വ്യക്തിയാണ് കോഴിക്കോട് കലക്ടര്‍ എന്‍. പ്രശാന്ത്. സോഷ്യല്‍ മീഡിയയില്‍ ചില ‘ആരാധകര്‍’ കോഴിക്കോട് കലക്ടറെ ദി കിങ് സിനിമയിലെ മമ്മുട്ടിയുടെ കഥാപാത്രമായ ജോസഫ് അലക്‌സിനോടാണ് താരതമ്യപ്പെടുത്തുന്നത്. എന്നാല്‍ താന്‍ അങ്ങിനെ അല്ലെന്നും അപൂര്‍വമായേ ദേഷ്യപ്പെടാറുള്ളൂവെന്നു പ്രശാന്ത് വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.