സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രൂക്ഷം;ട്രഷറികളില്‍ ഉള്ളത് 12 കോടി രൂപ മാത്രം; ഇനി വേണ്ടത് 300 കോടി രൂപ; ശമ്പളവും, പെന്‍ഷന്‍ വിതരണവും ഇന്നും മുടങ്ങും

തിരുവനന്തപുരം:സംസ്ഥാനത്തെ ട്രഷറികളില്‍ ധനപ്രതിസന്ധി രണ്ടാം ദിവസവും രൂക്ഷം.ശമ്പളവും പെന്‍ഷനും നല്‍കാന്‍ ട്രഷറികളില്‍ അവശേഷിക്കുന്നത് 12 കോടി രൂപ മാത്രം. ഇനി വേണ്ടത് 300 കോടി രൂപയാണ് എന്നാല്‍ ട്രഷറികളില്‍ ഉള്ളത് തുച്ഛമായ തുക മാത്രം. ഇതോടെ ട്രഷറികളില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. റിസര്‍വ് ബാങ്ക് അടിയന്തരമായി പണം എത്തിച്ചില്ലെങ്കില്‍ പെന്‍ഷന്‍ വിതരണവും ശമ്പള വിതരണവും പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് വിലയിരുത്തല്‍.
ആദ്യ ദിനം ശമ്പളവും പെന്‍ഷനും നല്‍കാന്‍ 167 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടതെങ്കിലും 111 കോടി മാത്രമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. ഇതോടൊപ്പം, 12 ട്രഷറികളില്‍ ഇതുവരെ പണമൊന്നും എത്തിയിട്ടുമില്ല.പെന്‍ഷനും ശമ്പളവും വാങ്ങാന്‍ ഇന്നു ട്രഷറിയില്‍ കൂടതല്‍ പേര്‍ എത്താനാണ് സാധ്യത. ഇന്നലെ പണം കിട്ടാതെ തിരികെ പോയവരും ഇന്നെത്തും.നാലര ലക്ഷം പേരാണ് പെന്‍ഷന്‍ വാങ്ങാനുള്ളത്. ഇതില്‍ വെറും 59,000 പേര്‍ മാത്രമാണ് ഇതുവരെ തുക കൈപ്പറ്റിയത്. ഇവരൊക്കെ പെന്‍ഷന്‍ ഇനത്തില്‍ ചെറിയ തുക കൈപ്പറ്റുന്നവരാണ്. വലിയ തുക പെന്‍ഷനായി വാങ്ങുന്നവര്‍ ട്രഷറികളില്‍ എത്തുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും.സംസ്ഥാനത്തെ പെന്‍ഷന്‍ വിതരണത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.