കര്‍ഷകര്‍ക്ക് വിത്തുകള്‍ വാങ്ങാന്‍ പഴയ 500ന്റെ നോട്ട് ഉപയോഗിക്കാം; ഇളവ് സര്‍ക്കാര്‍,പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് വാങ്ങുന്നവര്‍ക്ക്

ന്യൂദല്‍ഹി: 500,100 നോട്ടുകള്‍ നിരോധിച്ചത് മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് പഴയ 500ന്റെ നോട്ട് ഉപയോഗിച്ച് വിത്തുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇളവ്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിത്ത് വാങ്ങുന്നതിനാണ് ഇളവെന്ന് ധനമന്ത്രാലയം പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. കാര്‍ഷിക വായ്പ ലഭിച്ച കര്‍ഷകര്‍ക്ക് വായ്പാ തുകയില്‍ നിന്ന് ആഴ്ചയില്‍ 25,000 രൂപവരെ പിന്‍വലിക്കാന്‍ കേന്ദ്രം അനുവാദം നല്‍കിയിരുന്നു. ഓവര്‍ ഡ്രാഫ്റ്റ്, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകളില്‍ നിന്ന് ചെറുകിട കച്ചവടക്കാര്‍ക്ക് ആഴ്ചയില്‍ 50000 രൂപ വരെ പിന്‍വലിക്കാമെന്നും റിസര്‍വ് ബാങ്ക് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നുമാസമെങ്കിലും ഉപയോഗിച്ചിട്ടുള്ള അക്കൗണ്ടുകള്‍ക്കാണ് ഇളവ്. നേരത്തെ കച്ചവടക്കാരുടെ കറന്റ് അക്കൗണ്ടുകള്‍ക്ക് മാത്രമായിരുന്നു ഇളവ്. കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ കൊണ്ട് വന്ന നോട്ടു നിരോധനം ഗ്രാമപ്രദേശങ്ങളിലെ കര്‍ഷകരെ വളരെ രൂക്ഷമായി ബാധിച്ചിരുന്നു. നോട്ടു നിരോധനത്തിന് പുറമെ ഗ്രാമപ്രദേശങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കെതിരായ കേന്ദ്രത്തിന്റെ നീക്കവും കര്‍ഷകരെ ബാധിച്ചിരുന്നു. കര്‍ണാടകയിലും ഗുജറാത്തിലുമടക്കം വന്‍തോതില്‍ പ്രക്ഷോഭവും ഉയര്‍ന്നിരുന്നു.

© 2024 Live Kerala News. All Rights Reserved.