മിക്ക ട്രഷറികളിലും ആവശ്യത്തിന് പണമില്ല; രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്ക്;ശമ്പള വിതരണം താളം തെറ്റി

തിരുവനന്തപുരം:ട്രഷറികളില്‍ ആവശ്യത്തിന് പണമെത്തിക്കാമെന്ന വാഗ്ദാനം പാലിക്കാന്‍ റിസര്‍വ് ബാങ്കിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക ട്രഷറികളിലും ആവശ്യത്തിന് പണമില്ല. പല ട്രഷറികളിലും ആവശ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് എത്തിയത്. ഇന്ന് 1000 കോടി നല്‍കാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നുവെങ്കിലും 500 കോടി മാത്രമാണ് ലഭിച്ചത്. ഇതോടെ നോട്ട് നിരോധിച്ചതിനു ശേഷമുളള സംസ്ഥാനത്തെ ആദ്യ ശമ്പളദിവസം തന്നെ പെന്‍ഷന്‍ വാങ്ങാനെത്തിയവരും ശമ്പളം വാങ്ങാനെത്തിയവരും ദുരിതത്തിലായി. ട്രഷറികളില്‍ നിന്ന് 24000 രൂപ വരെ പിന്‍വലിക്കാന്‍ ജീവനക്കാര്‍ക്ക് കഴിയും. എന്നാല്‍ ചില ട്രഷറികളില്‍ നിന്ന് ഇത്രയും തുക നല്‍കുന്നില്ല. പെന്‍ഷന്‍കാരില്‍ മിക്കവര്‍ക്കും 5000 രൂപ മാത്രമാണ് ലഭിച്ചത്. തൃശൂര്‍ ട്രഷറിയില്‍ നിന്ന് നല്‍കുന്നത് 4,000 രൂപ മാത്രമാണ്. കണ്ണൂര്‍ സബ് ട്രഷറിയില്‍ രാവിലെ അഞ്ചു മണി മുതല്‍ ക്യൂ നിന്ന പെന്‍ഷന്‍കാര്‍ ഉദ്യോഗസ്ഥരോടു പ്രതിഷേധം അറിയിച്ചു. ഇതുവരെ പണം വിതരണം ചെയ്തു തുടങ്ങിയിട്ടില്ല. വരുന്നവര്‍ക്കു ടോക്കണ്‍ നല്‍കുകയാണ് ചെയ്യുന്നത്. കണ്ണൂര്‍ സബ് ട്രഷറിയില്‍ പ്രതിദിനം ഒന്നേകാല്‍ കോടി രൂപയാണു വേണ്ടത്. 40 ലക്ഷം രൂപ നല്‍കാമെന്നാണ് എസ്.ബി.ടി പറയുന്നത്. കൂടാതെ ചാത്തന്നൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, ട്രഷറികളിലും പണമെത്തിയിട്ടില്ല. ട്രഷറികളില്‍ ഉള്ള പണം ഉപയോഗിച്ച് ശമ്പളവും പെന്‍ഷനും നല്‍കുകയാണ്. രാവിലെ മുതല്‍ ട്രഷറികളിലും ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കോട്ടയം ട്രഷറിയില്‍നിന്ന് ഒരാള്‍ക്ക് പരമാവധി 16,000 രൂപയാണ് നല്‍കുന്നത്. പെന്‍ഷന്‍കാരില്‍ ഭൂരിഭാഗം പേര്‍ക്കും ലഭിച്ചത് 5000 രൂപ മാത്രമാണ്. ശമ്പള അക്കൗണ്ടുകളില്‍ നിന്നുള്ള പണം ബാങ്കുകളില്‍ നേരിട്ടെത്തിയും ജീവനക്കാര്‍ പിന്‍വലിച്ചു തുടങ്ങി. കോഴിക്കോട് ജില്ലയിലെ ട്രഷറിയില്‍ ഒരു കോടി രൂപ വേണ്ടിടത്ത് ഇന്നെത്തിയത് പത്തുലക്ഷം രൂപ മാത്രം.തിരുവനന്തപുരം പാറശാല ട്രഷറിയില്‍ ഒന്നരക്കോടി വേണ്ടിടത്ത് എത്തിയത് അമ്പത് ലക്ഷം മാത്രം. ഇതോടെ ശമ്പളവും പെന്‍ഷനും വാങ്ങാനായി ക്യൂ നിന്നതില്‍ പകുതിപേര്‍ക്ക് മാത്രമെ ടോക്കണ്‍ നല്‍കിയുള്ളു. കടയ്ക്കാവൂര്‍, പൂയപ്പിള്ളി, ചടയമംഗലം ട്രഷറികളില്‍ ഇതുവരെ പണമെത്തിയില്ല.കാസര്‍കോട് മുതല്‍ എറണാകുളം വരെയുളള ജില്ലകളിലെ എസ്ബിടിക്ക് ലഭിച്ചത് 360 കോടി. തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുളള ജില്ലകളിലെ എസ്ബിടികള്‍ക്ക് നല്‍കിയത് 140 കോടി രൂപ. തൃശൂര്‍ ട്രഷറിയില്‍ നിന്നും നല്‍കുന്നത് 4000 രൂപ മാത്രം.

© 2024 Live Kerala News. All Rights Reserved.