യുഎസ് പ്രസിഡന്റ് തെരഞ്ഞടുപ്പ്; വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്ന് ആവശ്യം

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന് ആരോപണം. ഡോണള്‍ഡ് ട്രംപിന് നേരിയ മുന്‍തൂക്കം ലഭിച്ച മൂന്ന് സംസ്ഥാനങ്ങളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ജില്‍ സ്‌റ്റൈന്‍ രംഗത്തെത്തി. ഗ്രീന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ജില്‍ സ്റ്റെയ്‌നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ഇത് സംബന്ധിച്ച് അപേക്ഷ നല്‍കിയത്. ട്രംപ് ജയിച്ച പെന്‍സില്‍വേനിയ, വിസ്‌കോണ്‍സെന്‍, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും വീണ്ടും വോട്ടെണ്ണല്‍ നടത്തണമെന്നും സ്റ്റെയ്ന്‍ ആവശ്യപ്പെട്ടു.അഭിപ്രായസര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിലാണ് ട്രംപിന്റെ മുന്നേറ്റം നടന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹിലരി ക്ലിന്റന്‍ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യന്‍ ഹാക്കര്‍മാരാണ് അട്ടിമറിക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.