അമേരിക്കയില്‍ ഇന്ന് തെരഞ്ഞെടുപ്പ്; പ്രതീക്ഷയോടെ ഹിലരിയും ട്രംപും;സര്‍വേ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ഹിലരിക്ക് മുന്‍തൂക്കം;അമേരിക്കയെ ഉറ്റ് നോക്കി രാജ്യാന്തര സമൂഹം

വാഷിങ്ടണ്‍: മാസങ്ങള്‍നീണ്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനൊടുവില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. അവസാനഘട്ട സര്‍വേ ഫലങ്ങള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹില്ലരി ക്ലിന്റണ്‍ ജയിക്കുമെന്നാണ് പ്രവചിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേകളില്‍ മൂന്നുമുതല്‍ അഞ്ചുവരെ പോയന്റുകളുടെ വ്യത്യാസത്തിലാണ് ഹില്ലരി എതിരാളിയായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ മുന്നിട്ടുനില്‍ക്കുന്നത്.എന്നാല്‍, പ്രചാരണ യോഗങ്ങളില്‍ കൂടുതല്‍ ആളുകളെത്തിയത് ട്രംപ് പക്ഷത്തിനു പ്രതീക്ഷ നല്‍കുന്നു. തെരഞ്ഞെടുപ്പിനു വോട്ട് ചെയ്യാനുള്ള സൗകര്യം ആഴ്ചകള്‍ക്കു മുമ്പ് തുടങ്ങിയിരുന്നു. വലിയ വിഭാഗം ജനങ്ങള്‍ ‘ഏര്‍ളീ വോട്ടിങ്’ സൗകര്യം വിനിയോഗിച്ചു കഴിഞ്ഞു. വലിയ ഭൂപരിധിയിലാണു വോട്ടെടുപ്പെന്നതിനാല്‍ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ സമയത്താണു വോട്ടെടുപ്പ് നടക്കുന്നത്. അവസാന സംസ്ഥാനമായ അലാസ്‌കയില്‍ ഇന്ത്യന്‍ സമയം നാളെ രാവിലെയാകും വോട്ടെടുപ്പ് അവസാനിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായി ഒരു മണിക്കൂറിനുള്ളില്‍ ഫലം അറിയാന്‍ സാധിക്കും. നാളെ ഉച്ചയോടെ അമേരിക്കയെ ഇനി ആര് നയിക്കുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കും.

ഇമെയില്‍ വിവാദത്തില്‍ ഹിലരിക്ക് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. ക്ലീന്‍ ചിറ്റ് നല്‍കിയത് അവര്‍ക്കും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ടിം കെയ്‌നും ആവേശമായി. യു.എസിലെ പ്രഥമ വനിതാ പ്രസിഡന്റെന്ന നേട്ടം കൈയെത്തും ദൂരത്തുള്ള ഹിലരി നോര്‍ത്ത് കാരോലിനയില്‍ നടത്തുന്ന പടുകൂറ്റന്‍ റാലിയോടെ പ്രചാരണം അവസാനിപ്പിക്കും. മിഷിഗണിലെ ഗ്രാന്റ് റാപിഡ്‌സിലാണ് ട്രംപ് പ്രചാരണം അവസാനിപ്പിക്കുന്നത്. മിഷിഗണില്‍ ഏറെ മുന്നേറാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തില്‍ പഴി ഏറെ കേള്‍ക്കുന്നുണ്ടെങ്കിലും അതൊന്നും അമേരിക്കയുടെ പ്രഥമ പൗരനാകുന്നതിനു തനിക്കു തടസമാകില്ലെന്നാണ് ട്രംപിന്റെ നിലപാട്. വാഷിങ്ടണ്‍ ഡി.സിയുടെ പ്രാന്തപ്രദേശമായ ലീസ്ബര്‍ഗ്, ലോവ, കൊളറാഡോ, മിനെപോളീസ്, മിഷിഗണ്‍, പെന്‍സില്‍വാനിയ തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന റാലികളിലെ ജനക്കൂട്ടമാണു ട്രംപിനെ ആവേശം കൊള്ളിച്ചത്.

© 2024 Live Kerala News. All Rights Reserved.