സുധീരന്റെ നിലപാട് തള്ളി യുഡിഎഫ് ;സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍ഡിഎഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് ധാരണ;സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും ചെന്നിത്തല

തിരുവന്തപുരം: സഹകരണ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം സുധീരന്റെ നിലപാടിനെ തള്ളി യുഡിഎഫ്.സഹകരണ മേഖലയെ സംരക്ഷിക്കാനായി എല്‍.ഡി.എഫുമായി യോജിച്ചുള്ള പ്രക്ഷോഭത്തിന് ധാരണയായി. സമരത്തില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തല പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍വകക്ഷി യോഗത്തിന് മുന്നോടിയായി നടന്ന യുഡിഎഫ് യോഗ തീരുമാനം വിശദീകരിച്ചുകൊണ്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സഹകരണ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച തുടങ്ങുന്ന പ്രത്യേക നിയമസഭ സമ്മേളനത്തില്‍ ഐക്യകണ്‌ഠേന പ്രമേയം പാസാക്കുമെന്നും ചെന്നിത്തല പറഞ്ഞു. സര്‍വകക്ഷി സംഘത്തോടൊപ്പം കേന്ദ്ര സര്‍ക്കാരിനെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കും. ഇതിന് ശേഷവും സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ യോജിച്ച് ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകാനാണ് യോഗം തീരുമാനിച്ചത്.യുഡിഎഫ് യോഗത്തില്‍ യോജിച്ചുള്ള സമരത്തിന് മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള കക്ഷികള്‍ പിന്തുണ അറിയിച്ചു. എല്‍.ഡി.എഫുമായി യോജിച്ച് സമരം നടത്തുന്നതിനെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ എതിര്‍ത്തിരുന്നു. യുഡിഎഫിനെ ഒരുമിച്ചു നിര്‍ത്തി സ്വന്തം നിലയ്ക്ക് കോണ്‍ഗ്രസ് സമരം ചെയ്യണമെന്നാണ് സുധീരന്റെ നിലപാട്.എന്നാല്‍ അദ്ദേഹത്തിന്റെ നിലപാട് യു.ഡി.എഫ് യോഗം തള്ളി.സുധീരനെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ യു.ഡി.എഫ് യോഗത്തിനുമുമ്പ് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.യോജിച്ച പ്രക്ഷോഭം വേണ്ടെന്നായിരുന്നു സുധീരന്റെ നിലപാട്. സഹകരണ ബാങ്ക് വിഷയത്തില്‍ സംയുക്തസമരത്തിനില്ലെന്നും സംയുക്ത സമരമെന്നാല്‍ സിപിഎമ്മുമായി ചേര്‍ന്ന സമരമെന്ന് അര്‍ത്ഥമില്ലെന്നും വി.എം.സുധീരന്‍ വ്യക്തമാക്കിയിരുന്നു.ബാങ്ക് ഭരണസമിതികളെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം ഡല്‍ഹിയില്‍ പോകണമെന്നും സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.