യുഡിഎഫിന്റെ പ്രകടന പത്രിക ഇന്ന്; എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം; മദ്യനിരോധനം തന്നെയാവും പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണം

തിരുവനന്തപുരം: നിയസഭ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും.എല്ലാവര്‍ക്കും ഭക്ഷണം, ആരോഗ്യം, പാര്‍പ്പിടം എന്ന വാഗ്ദാനവുമായിട്ടാണ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന മാവേലി ഹോട്ടല്‍ ശൃംഗല വ്യാപിപ്പിക്കു, ഐടി കയറ്റുമതി ഉയര്‍ത്തുമെന്നും പ്രകടന പത്രികയിലുണ്ട്. മദ്യനിരോധനം തന്നെയാവും യുഡിഎഫ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണം. ഘട്ടംഘട്ടമായി ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടി സമ്പൂര്‍ണ മദ്യ നിരോധനം യാഥാര്‍ഥ്യമാക്കുമെന്നുമാണ് യൂഡിഎഫിന്റെ പ്രധാന വാഗ്ദാനം. ലഹരി ഉപയോഗം കുറച്ച് കൊണ്ട് വരാന്‍ ശക്തമായ ബോധവത്കരണവും നടത്തും.

തമിഴ്‌നാട് മാതൃകയില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും, സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യ ഉച്ചഭക്ഷണമെന്നതാണ് മറ്റൊരു ലക്ഷ്യം. കുടുംബശ്രീ ഉള്‍പ്പടെയുള്ളവരുടെ സഹകരണത്തോടെ പദ്ധതി പ്രാവര്‍ത്തികമാക്കാനാണ് ലക്ഷ്യമിടുന്നത്. കാര്‍ഷിക വിദ്യാഭ്യാസ വായ്പകള്‍ക്ക് പലിശ സബ്‌സിഡി. വന്‍കിട പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രത്യേക പുനരധിവാസ പാക്കേജ്. ഐടി മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. വ്യവസായിക മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും എന്നിവയാണ് മറ്റ് വാഗ്ദാനങ്ങള്‍. ക്ലിഫ് ഹൗസില്‍ യൂഡിഎഫ് ഏകോപന സമിതി യോഗം ചേര്‍ന്ന ശേഷം പ്രകടന പത്രികക്ക് അന്തിമ അംഗീകാരം നല്‍കും.

© 2024 Live Kerala News. All Rights Reserved.