ബന്ധുനിയമന വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം; വിവാദം മുഖ്യമന്ത്രിയിലേക്ക് തിരിക്കും

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ആരോപണവിധേയനായ ഇപി ജയരാജന്‍ രാജിവെച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറേണ്ടെന്ന തീരുമാനത്തിലാണ് പ്രതിപക്ഷം. ബന്ധു നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് യുഡിഎഫിന്റെ തീരുമാനം. നിയമസഭയ്ക്ക് അകത്തും പുറത്തും നിയമന വിവാദം ഉന്നയിക്കപ്പെടും. ആരോപണം ഉയര്‍ന്ന് ഒന്‍പതാം ദിവസം തന്നെ ഇ.പി.ജയരാജന്‍ മന്ത്രിസ്ഥാനം രാജിവച്ചതു രാഷ്ട്രീയ ധാര്‍മികതയുടെ ഉദാഹരണമായി ചൂട്ടിക്കാട്ടാനാണ് ഭരണപക്ഷം ശ്രമിക്കുക. എന്നാല്‍ സ്വജനപക്ഷപാതം, അഴിമതി എന്നീ ആരോപണങ്ങളെത്തുടര്‍ന്നുള്ള മന്ത്രിസഭയിലെ രണ്ടാമന്റെ രാജി ആയുധമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. ബന്ധുനിയമന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്കു കൂടി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാവും തിങ്കളാഴ്ചത്തെ നിയമസഭാ മാര്‍ച്ച്. നിയമസഭയ്ക്കുള്ളിലും പ്രശ്‌നം ശക്തമായി ഉന്നയിക്കപ്പെടും.തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തില്‍ നിയമസഭയ്ക്കുള്ളിലെ നീക്കങ്ങള്‍ തീരുമാനിക്കും. അന്ന് ചേരുന്ന യുഡിഎഫ് യോഗം ഭാവിപരിപാടികളെ കുറിച്ച് തീരുമാനിക്കും. സ്വാശ്രയസമരത്തിനു ശേഷം യുഡിഎഫിനു വീണുകിട്ടിയ ശക്തമായ ആയുധമായിരുന്നു ബന്ധുനിയമനവിവാദം. എന്നാല്‍ സിപിഎം സെക്രട്ടേറിയറ്റ് ജയരാജന്റെ രാജി സ്ഥിരീകരിച്ചതോടെ ആ സ്വപ്‌നം ഇല്ലാതായി. മാത്രമല്ല,കഴിഞ്ഞ അഞ്ചുവര്‍ഷം നടന്ന ഇത്തരം നിയമനങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയതും പ്രതിപക്ഷത്തിന് തിരിച്ചടിയായി.

© 2024 Live Kerala News. All Rights Reserved.