യുഡിഎഫിന്റെ കാലത്തെ ബന്ധുനിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും; അന്വേഷണത്തിന് നാലംഗ സംഘത്തെ നിയോഗിച്ചു

തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇ.പി ജയരാജനെ കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നിയമനങ്ങളും അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനം. ഇതോടെ യുഡിഎഫ് കാലത്തെ ബന്ധു നിമനങ്ങളും അന്വേഷണ പരിധിയില്‍ വരും. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. നാലംഗ സംഘത്തെയാണ് നിയോഗിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങത്തിലെ നിയമനങ്ങളാണ് അന്വേഷിക്കുന്ന്. ഇക്കാര്യങ്ങള്‍ വിജിലന്‍സ് ഇന്ന് കോടതിയെ അറിയിക്കും. വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ ത്വരിത പരിശോധന നടത്താന്‍ തീരുമാനിച്ച കാര്യവും വിജിലന്‍സ് ഇന്ന് തിരുവനന്തപുരം പ്രത്യേക വിജലന്‍സ് കോടതിയെ അറിയിക്കും. ജയരാജനെതിരെ കേസെടുക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കുമ്പോഴായിരിക്കും ത്വരിത പരിശോധനയുടെ കാര്യം വിജിലന്‍സ് കോടതിയെ അറിയിക്കുക. ജയരാജനെതിരെ അന്വേഷണം വേണമെന്ന പരാതിയില്‍ വിജിലന്‍സിന്റെ നിലപാട് ഇന്ന് അറിയിക്കാന്‍ ഡയറക്ടര്‍ ജേക്കബ് തോമസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. പരാതിയിലെ ആരോപണങ്ങളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ തീരുമാനം. കോടതിയില്‍ നിലപാട് അറിയിച്ചതിന് ശേഷം ഉടന്‍ തന്നെ ഇപി ജയരാജനെതിരെയുള്ള പരിശോധന തുടങ്ങാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി കെ ജയകുമാറിന്റെ തീരുമാനം. കെഎസ്‌ഐഇ എംഡി സ്ഥാനത്ത് സുധീര്‍ നമ്പ്യാരെ നിയമിച്ചുള്ള ഉത്തരവ് എങ്ങനെ ഇറങ്ങിയെന്ന കാര്യമായിരിക്കും പ്രധാനമായും അന്വേഷിക്കുക. എംഡി സ്ഥാനത്തേക്ക് അപേക്ഷ നല്‍കുന്നതിനായി പറയുന്ന ഒരു യോഗ്യതയും സുധീര്‍ നമ്പ്യാര്‍ക്കില്ലായിരുന്നുവെന്ന് വിജിലന്‍സ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. കേരളാ ക്ലേ ആന്‍ഡ് സെറാമിക് കമ്പനിയില്‍ ജയരാജന്റെ ബന്ധു ദീപ്തി നിഷാന്ത് മന്ത്രിയുടെ സഹായത്തിലാണോ ജനറല്‍ മാനേജറായതെന്നും പരിശോധിക്കും.

© 2024 Live Kerala News. All Rights Reserved.