അഹന്തയും അഹംഭാവവും മാറ്റിക്കൂടേ? ഈ പ്രായത്തിലും ഇത്രയും സുന്ദരനാവാന്‍ എന്തു പുണ്യമാണ് ചെയ്തത്?ദുല്‍ഖറിനൊപ്പം അഭിനയിക്കുമോ? മമ്മൂട്ടി നല്‍കിയ ഉത്തരം ഇങ്ങനെ

മമ്മൂട്ടിയെ അഭിമുഖത്തിനായി ആരാധകര്‍ക്ക് നേരിട്ട് അവസരം ലഭിച്ചപ്പോള്‍ ചോദ്യങ്ങളുടെ പ്രവാഹമായിരുന്നു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍. പുസ്തകോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മമ്മൂട്ടി. പ്രസംഗത്തിനു ശേഷം മമ്മൂട്ടിയും സദസ്സും തമ്മില്‍ നടന്ന സംവാദത്തില്‍ കുറെ ചോദ്യങ്ങള്‍ ഉയര്‍ന്നു. എല്ലാ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കി മമ്മൂട്ടി.പൊതുവെ ജനങ്ങള്‍ക്കിടയില്‍ ഉള്ള ധാരണയാണ് മോഹന്‍ലാല്‍ വളരെ സിമ്പിളും ഫ്രണ്ട്‌ലിയും ആണെന്നും മമ്മൂട്ടി വലിയ ഗൗരവക്കാരനാണെന്നും. ആരാധകര്‍ക്കിടിയിലും ഇത്തരമൊരു അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടിയുടെ സ്വഭാവത്തില്‍ അഹംഭാവവും അഹന്തയുമൊക്കെയുണ്ട് എന്നാണ് പൊതുവെയുള്ള സംസാരം ഇത് മാറ്റിക്കൂടേ എന്നായിരുന്നു ആരാധകന്റെ ചോദ്യം. മമ്മൂട്ടിയോട് അടുക്കാന്‍ മോഹന്‍ലാലിനെപ്പോലെ അത്ര എളുപ്പമല്ല എന്ന പൊതുബോധമുണ്ടെന്നും ചോദ്യകര്‍ത്താവ് സൂചിപ്പിച്ചിരുന്നു. ‘ആ പൊതുബോധം മാറ്റേണ്ടത് ആരാണ്, ഞാനാണോ അതോ പൊതുബോധം വെച്ചിരിക്കുന്നവരാണോ’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയുടെ സൗന്ദര്യത്തെക്കുറിച്ചും ചോദ്യമുയര്‍ന്നിരുന്നു. ഈ പ്രായത്തിലും ഇത്രയും സുന്ദരനാവാന്‍ എന്തു പുണ്യമാണ് ചെയ്തതെന്നായിരുന്നു ചോദ്യം. ‘ഞാന്‍ ചെയ്ത പുണ്യമല്ല, നിങ്ങളൊക്കെ ചെയ്ത പുണ്യമാണ്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മമ്മൂട്ടിയും ദുല്‍ഖറും ഒരുമിക്കുന്ന ചിത്രം എന്നാണുണ്ടാവുകയെന്നായിരുന്നു മറ്റൊരു ചോദ്യം. ‘എന്നാണെന്നാണ് ഞാനും ആലോചിക്കുന്നത്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

© 2024 Live Kerala News. All Rights Reserved.