ശബരിമലയില്‍ സുരക്ഷാഭീഷണിയെന്ന് കേന്ദ്രം;സുരക്ഷ ശക്തമാക്കാന്‍ നിര്‍ദേശം;കേന്ദ്രം സംസ്ഥാനത്തിന് കത്തയച്ചു

ന്യൂഡല്‍ഹി:ശബരിമലയില്‍ സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ഭീകരാക്രമണത്തിനുള്‍പ്പെടെ സാധ്യതയുണ്ട്. മണ്ഡല മകരവിളക്കു കാലത്ത് അതീവ ജാഗ്രത പാലിക്കണം. ഇതേത്തുടര്‍ന്ന് ശബരിമലയിലെ സുരക്ഷ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കി.ഭീകരവാദികള്‍ ശബരിമലയെ ലക്ഷ്യംവെച്ചിരിക്കുന്നതായാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. നവംബര്‍ 15 മുതല്‍ ആരംഭിക്കുന്ന സീസണിലാണ് സുരക്ഷാ ഭീഷണിയുള്ളത്.മെറ്റല്‍ ഡിറ്റക്ടറിലൂടെ കണ്ടെത്താനാവാത്ത രിതികള്‍ ഉപയോഗിച്ചായിരിക്കും ഭീകരവാദികള്‍ ശബരിമലയിലെ സുരക്ഷയെ മറികടക്കുകയെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിമലയിലെയും ചുറ്റുവട്ടത്തെയും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി പിഴവുകള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. ഇതിനായി സുരക്ഷാ ഓഡിറ്റ് നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന മേഖലയുടെ രൂപരേഖ വിവിധ ഭീകരസംഘടനകളുടെ കൈവശം ഉണ്ടെന്ന് നേരത്തെതന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യയിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ശബരിമലയില്‍ മണ്ഡലക്കാലത്ത് ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് എത്തുന്നത്.

© 2024 Live Kerala News. All Rights Reserved.