ശബരിമലയില്‍ സ്ത്രീ പ്രവേശനമാകാമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; നിലപാട് മാറ്റുന്നത് ശരിയല്ലെന്ന് ദേവസ്വം ബോര്‍ഡ്; കേസ് ഫെബ്രുവരി 20ലേക്ക് മാറ്റി

ന്യുഡല്‍ഹി: ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ ഉറച്ചു നില്‍ക്കുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രീം കോടതിയെ അറിയിച്ചു. പ്രായദേഭമെന്യോ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കാമെന്നാണ് 2007ല്‍ അന്നത്തെ വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം.അതേ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പഴയ നിലപാടില്‍ തന്നെ ഉറച്ച് നിന്നു. യുഡിഎഫ് സര്‍ക്കാരെടുത്ത നിലപാടില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയിലെടുത്തത്. ഓരോ സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ നിലപാട് മാറ്റരുതെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടു.മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്ത നിലപാട് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് എടുക്കേണ്ടതില്ലെന്നും കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞു. നിലവിലെ രീതി തന്നെ തുടരണമെന്നാണ് ദേവസ്വം ബോര്‍ഡ് നിലപാടറിയിച്ചത്. കേസ് 2017 ഫെബ്രുവരി 17ലേക്ക മാറ്റി വച്ചു.
ജഡ്ജിമാരായ ദീപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ ഭരണം മാറിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമുണ്ടോ എന്ന് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതായിരുന്നു യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ വി. ഗിരിയെ മാറ്റി പകരം അഡ്വ. ജയ്ദീപ് ഗുപ്തയാണ് ഇത്തവണ ഹാജരായത്.

.

© 2024 Live Kerala News. All Rights Reserved.