വര്‍ക്കലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ വൃദ്ധന്‍ മരിച്ചു; 90 കാരനെ നായ്ക്കൂട്ടം ആക്രമിച്ചത് വീട്ടു വരാന്തയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും തെരുവുനായ ആക്രമണം.തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു.വര്‍ക്കല മുണ്ടയില്‍ ചരുവിള വീട്ടില്‍ രാഘവനാണ് (90) മരിച്ചത്.അതീവഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം.
വീടിന്റെ വരാന്തയില്‍ കിടന്നുറങ്ങിയ രാഘവനെ ഇന്ന് അതിരാവിലെ 4.30ന് നാലഞ്ച് പട്ടികള്‍ കൂട്ടമായി കടിച്ച് പറിക്കുകയായിരുന്നു.മുഖം, തല, കാല് തുടങ്ങിയ ഭാഗത്തെല്ലാം ആഴത്തില്‍ മുറിവുണ്ട്. വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ നിന്നാണ് രാഘവനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത് . ഇതോടെ തലസ്ഥാനത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.മുമ്പ് കോവളത്ത് സമാനരീതിയില്‍ വൃദ്ധയായ സ്ത്രീ ആക്രമിക്കപ്പെട്ടിരുന്നു. അന്നു ശിലുവമ്മ രാവിലെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായത്.വര്‍ക്കലയില്‍ ഇപ്പോള്‍ തെരുവുനായ ആക്രമണം ഉണ്ടായ സ്ഥലം തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമാണെന്ന് പറയപ്പെടുന്നു. മുമ്പും ഇവിടെ സമാനരീതിയില്‍ നായയുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.