കൊച്ചിയില്‍ വീണ്ടും തെരുവുനായ ആക്രമണം: വിദ്യാര്‍ഥി അടക്കം നാലുപേരെ തെരുവുനായ കടിച്ചു

കൊച്ചി: കൊച്ചിയില്‍ വീണ്ടും തെരുവുനായ ആക്രമണം. പുതുവൈപ്പിനില്‍ സ്‌കൂള്‍ വിദ്യാര്‍ഥി അടക്കം നാലുപേരെ തെരുവുനായ കടിച്ചു. സാരമായി പരുക്കേറ്റ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു കുട്ടിക്ക് തെരുനായയുടെ കടിയേറ്റത്. കുട്ടിയുടെ കൈകള്‍ക്കും വയറിനുമാണ് പരുക്കേറ്റത്. പ്രകോപിതരായ നാട്ടുകാര്‍ തെരുവുനായയെ തല്ലിക്കൊല്ലുകയും ചെയ്തു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുനായ ശല്യം വര്‍ധിച്ചിരുന്നു. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ക്കു വരെ തെരുവുനായ്ക്കളുടെ ആക്രമണം ഏറ്റിരുന്നു.

തെരുവുനായ്ക്കളുടെ കടിയേറ്റു കുട്ടികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ആശുപത്രിയിലാകുന്ന സാഹചര്യത്തില്‍ കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സമീപകാലത്തു തെരുവുനായ ശല്യം കൂടുതലായതിന്റെ പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെടുത്തിയാണു ബേസില്‍ അട്ടിപ്പേറ്റി കോടതിയിലെത്തിയത്.

പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിന്നു തെരുവു നായ്ക്കളെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഹര്‍ജിക്കാരന്‍ നേരത്തേ ഹര്‍ജി നല്‍കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കോതമംഗലത്ത് ദേവനന്ദന്‍ എന്ന മൂന്നുവയസുകാരനു പട്ടിയുടെ കടിയേറ്റു മുഖത്തു ഗുരുതരമായി പരുക്കേറ്റു. അങ്കണവാടി കുട്ടികള്‍ക്കു നേരെയും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു.

© 2024 Live Kerala News. All Rights Reserved.