ബിസിസിഐ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി നിര്‍ദേശം; ഇന്ത്യ -ന്യുസിലാന്‍ഡ് പരമ്പര റദ്ദാക്കിയേക്കും; പണമില്ലാതെ എങ്ങനെ മത്സരം നടത്തുമെന്ന് ബിസിസിഐ

ന്യൂഡല്‍ഹി: ബിസിസിഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ലോധ കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ നടന്നുവരുന്ന ഇന്ത്യ- ന്യുസിലാന്‍ഡ് പരമ്പര റദ്ദാക്കിയേക്കും. എന്നാല്‍ പരമ്പര നിര്‍ത്തുന്നത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ന്യൂസിലാന്‍ഡുമായി ഒരു ടെസ്റ്റും അഞ്ച് ഏകദിന പരമ്പരകളും ഇനി അവശേഷിക്കുന്നുണ്ട്. ബിസിസിഐ അക്കൗണ്ടുകളില്‍ നിന്ന് സംസ്ഥാന അസോസിയേഷനുകള്‍ക്ക് പണം നല്‍കുന്നത് നില്‍ക്കും. സാമ്പത്തിക ഇടപാടുകള്‍ മരവിക്കുന്നതോടെ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല്‍ പരമ്പരയെ ബാധിക്കില്ലെന്നും ജസ്റ്റീസ് ലോധ അറിയിച്ചു. ബിസിസിഐയുടെ ദൈനംദിന ചെലവുകളും തടയില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ചേര്‍ന്ന ബിസിസിഐ പ്രത്യേക ജനറല്‍ മീറ്റിംഗില്‍ മെംബര്‍ അസോസിയേഷനുകള്‍ക്ക് ഫണ്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു. ലോധ കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിരുന്നു ഈ തീരുമാനം. ബിസിസിഐ സെക്രട്ടറി അജയ് ശിര്‍കെ, സി.ഇ.ഒ രാഹുല്‍ ജോഹ്‌രി, ട്രഷറര്‍ അനിരുദ്ധ് ചൗധരി, യെസ് ബാങ്ക് മേധാവി റാണ കപൂര്‍ എന്നിവര്‍ക്കാണ് ലോധ കമ്മിറ്റി നോട്ടീസ് നല്‍കിയത്. സുപ്രീം കോടതി ഉത്തരവ് ബി.സി.സി.ഐ ലംഘിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു. ഐപിഎല്ലിന് പതിനഞ്ച് ദിവസം മുന്‍പും ശേഷവും മറ്റൊരു മത്സരത്തിന് ഇടവേള നല്‍കണമെന്നും ലോധ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
്.