അനില്‍ കുംബ്ലെ ഡയറക്ടര്‍ സ്ഥാനത്തേക്ക്, ദ്രാവിഡ് പരിശീലകനാകും; ടീം ഇന്ത്യയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെയ്ക്കു പകരം രാഹുല്‍ ദ്രാവിഡ് നിയമിതനായേക്കും. അനില്‍ കുംബ്ലെ അടുത്തമാസത്തോടെ ഡയറക്ടറായി സ്ഥാനമേല്‍ക്കുമ്പോള്‍ ദ്രാവിഡ് തല്‍സ്ഥാനത്തു എത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്ത്ിമതീരുമാനം ആയിട്ടില്ലെങ്കിലും ടീം ഉടച്ചുവാര്‍ക്കലുണ്ടാകും എന്ന കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. പരിശീലകനെ മാറ്റുന്ന കാര്യത്തില്‍ ബിസിസിഐ സ്ഥിരീകരണം ഒന്നും നടത്തിയിട്ടില്ല.്. ഓസീസിനെതിരായ പരമ്പര പരിശീലകനെന്ന നിലയില്‍ കുംബ്ലെയുടെ അവസാന ടെസ്റ്റാകുമെന്നും ഏപ്രില്‍ 14ന് അദ്ദേഹം ഡയറക്ടറായി സ്ഥാനമേല്‍ക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് അനില്‍ കുംബ്ലെയുമായി ബിസിസിഐ അനൗദ്യോഗിക ചര്‍ച്ച നടത്തിയതായും പറയുന്നു. ഡയറക്ടര്‍ സ്ഥാനത്തേക്ക് കുംബ്ലെയെത്തിയാല്‍, പരിശീലകനായി നിലവില്‍ ഇന്ത്യയുടെ അണ്ടര്‍19 ടീമിന്റെയും എ ടീമിന്റെയും പരിശീലകനായ ദ്രാവിഡിനെ തന്നെ നിയമിക്കാനാണ് നീക്കം. ഒപ്പം, ഇന്ത്യയുടെ എല്ലാ ടീമുകളെയും പ്രവര്‍ത്തനങ്ങള്‍ ഒരാള്‍ തന്നെ കൈകാര്യം ചെയ്യുന്ന തരത്തിലേക്ക് മാറ്റം വരുത്താനും പുതിയ ഭരണസമിതി ആലോചിക്കുന്നു. കുംബ്ലെ ഡയറക്ടറാകുമ്പോള്‍ ഇന്ത്യയുടെ സീനിയര്‍ പുരുഷ, വനിതാ ടീമുകളുടെയും അണ്ടര്‍19, എ ടീമുകളുടെയും പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും വിലയിരുത്തേണ്ടി വരികയും ചെയ്യും. അതിനാല്‍ തീരുമാനം എടുക്കാന്‍ കുംബ്ലേയ്ക്ക് ഭരണസമിതി സമയം അനുവദിച്ചിട്ടുണ്ട്.സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ കമ്മിറ്റിയില്‍ നിന്ന് ഒരാളെ ബിസിസിഐ ടീമുകളുടെ മത്സരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ചുമതലയേല്‍പ്പിക്കുമെന്നും സൂചനയുണ്ട്. അതേസമയം, പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് രാഹുല്‍ ദ്രാവിഡ് ഇതുവരെ പ്രതികരണമൊന്നും നടത്തിയിട്ടില്ല.