ശ്രീശാന്തിന്റെ കാര്യത്തില്‍ ബിസിസിഐ മയപ്പെടുന്നു; അയവില്ലാതെ പൊലീസ്

 
ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളി കേസില്‍ കുറ്റവിമുക്തരായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അപേക്ഷ നല്‍കിയാല്‍ ആജീവനാന്തവിലക്ക് നീക്കുന്ന കാര്യം പരിഗണിക്കാമെന്നും ഇതിനായി ആവശ്യമെങ്കില്‍ പ്രത്യേകയോഗം വിളിച്ചുചേര്‍ക്കുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ അറിയിച്ചു. വിലക്കു തുടരുമെന്ന ബിസിസിഐയുടെ ആദ്യനിലപാടു മയപ്പെടുന്നതിന്റെ സൂചനയാണു താക്കൂറിന്റെ പ്രസ്താവന. ശ്രീശാന്തിനായി കേരള അസോസിയേഷനും അങ്കിത് ചവാനുവേണ്ടി മുംബൈയും കടുത്തസമ്മര്‍ദം ചെലുത്തുന്നതുകൂടി കണക്കിലെടുത്താണ് പുതിയ നിലപാട്.

എന്നാല്‍, താരങ്ങളെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനു ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടുമെന്നാണു സൂചന. കേസില്‍ താരങ്ങളുടെ പങ്ക് തെളിയിക്കുന്നതിന് ശക്തമായ സാഹചര്യത്തെളിവുകള്‍ കുറ്റപത്രത്തിലുണ്ടെന്ന അഭിപ്രായത്തില്‍ അന്വേഷണസംഘം ഉറച്ചുനില്‍ക്കുകയാണ്. ഹൈക്കോടതിയും കേസ് കയ്യോടെ തള്ളിയാല്‍ നാണക്കേട് ഇരട്ടിയാകുമെന്ന ആശങ്ക ഒരു വിഭാഗത്തിനുണ്ട്.
കേസില്‍ ഉള്‍പ്പെട്ട താരങ്ങളും വാതുവയ്പുകാരും മല്‍സരത്തിനിടെ മൂന്നു വ്യത്യസ്ത വേദികളില്‍ ഒരേഹോട്ടലില്‍ താമസിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്നു പൊലീസ് പറയുന്നു. ഇതു പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ്. അജീത് ചാന്ദിലയും വാതുവയ്പുകാരന്‍ സുനില്‍ ഭാട്ടിയയും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖയാണു മറ്റൊരു പ്രധാനതെളിവ്. മല്‍സരത്തിനിടെ കൃത്യമായ അടയാളം കാണിച്ചശേഷം ഒരു ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുക്കുമെന്നാണു സംഭാഷണത്തിന്റെ ഉള്ളടക്കം. കയ്യിലെ വെളുത്തവാച്ച് കാമറയ്ക്കു മുന്നിലേക്ക് ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു അടയാളം.

അടയാളം കാണിക്കാന്‍ മറന്നെങ്കിലും ചാന്ദില ആ ഓവറില്‍ 14 റണ്‍സ് വിട്ടുകൊടുത്തു. രാജസ്ഥാന്‍ റോയല്‍സ് പൂണെ വാരിയേഴ്‌സ് മല്‍സരത്തിലായിരുന്നു ഇത്. അങ്കിത് ചവാനുമായി കരാറുറപ്പിക്കാന്‍ ഭാട്ടിയ, ചാന്ദിലയ്ക്കു നിര്‍ദേശം നല്‍കുന്നതു ടേപ്പില്‍ വ്യക്തമാണ്.

ശ്രീശാന്തിനെതിരെ നേരിട്ട് തെളിവില്ലെങ്കിലും ജിജു ജനാര്‍ദനനും വാതുവയ്പുകാരന്‍ ചന്ദ്രേഷ് പട്ടേലുമായി നടന്ന സംഭാഷണത്തിലെ പരാമര്‍ശമാണു സാഹചര്യത്തെളിവായി ഉയര്‍ത്തിക്കാട്ടുന്നത്. പഞ്ചാബ് സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരത്തില്‍ 14 റണ്‍സ് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് ഇവര്‍ തമ്മിലുള്ള സംഭാഷണത്തിലെ വിഷയം.

കായിക മല്‍സരങ്ങളുമായി ബന്ധപ്പെട്ട വാതുവയ്പില്‍ ക്രിമിനല്‍ കേസെടുക്കാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വകുപ്പില്ലാത്തതു നിര്‍ഭാഗ്യകരമാണെന്നു പട്യാല ഹൗസ് കോടതി വിധിന്യായത്തില്‍ പറയുന്നു. 2000ല്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ ഒത്തുകളി കേസില്‍ പിടികൂടിയിരുന്നു. ഇത്തരമൊരു ഉദാഹരണം മുന്നിലുണ്ടായിട്ടും ഇതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നു 175 പേജുള്ള വിധിന്യായത്തില്‍ പട്യാല കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജി നീനാ കൃഷ്ണ ബന്‍സാല്‍ ചൂണ്ടിക്കാട്ടുന്നു.

© 2024 Live Kerala News. All Rights Reserved.