ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് റദ്ദാക്കേണ്ടിവരുമെന്ന് ബിസിസിഐ;സുപ്രീംകോടതിയെ ബിസിസിഐ നിലപാട് അറിയിച്ചു

ന്യൂഡല്‍ഹി: ഫണ്ട് അനുവദിച്ചില്ലെങ്കില്‍ ബുധനാഴ്ച്ച തുടങ്ങുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം റദ്ദാക്കേണ്ടിവരുമെന്ന് ബിസിസിഐ. സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പണം അനുവദിക്കാത്ത പക്ഷം മത്സരം റദ്ദാക്കേണ്ടി വരുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ബിസിസിഐ ഇക്കാര്യം പറയുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ മത്സരമാണ് നാളെ രാജ്‌കോട്ടില്‍ തുടങ്ങുന്നത്. ബിസിസിഐക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ഹര്‍ജി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ അംഗീകരിച്ച് നടപ്പാക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് പണം കൈമാറുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. മത്സരം റദ്ദാക്കുമെന്ന നിലപാടെടുത്ത് സുപ്രീംകോടതിയെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്നത്.ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാനാവില്ലെന്ന് ബിസിസിഐ ശനിയാഴ്ച ലോധ കമ്മറ്റിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് ലോധ കമ്മിറ്റി സെക്രട്ടറി ഗോപാല്‍ നാരായണന് ഇമെയില്‍ വഴി അയച്ച സത്യവാങ്മൂലത്തിലാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞമാസം 21ന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശപ്രകരമാണ് ബിസിസിഐ നിലപാട് അറിയിച്ചത്. സംസഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ നിന്നുയര്‍ന്ന എതിര്‍പ്പുകളാണ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന് തടസ്സമായി ബിസിസിഐ വ്യക്തമാക്കിയത്.