അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; നൗഷേറ സെക്ടറിലെ സേനാ പോസ്റ്റുകള്‍ക്ക് നേരെ മോര്‍ട്ടാര്‍ ഷെല്ലാക്രമണവും വന്‍ വെടിവെപ്പും;ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു

ജമ്മു കശ്മീര്‍: അതിര്‍ത്തിയില്‍ പാകിസ്താന്‍ സൈന്യം രൂക്ഷമായി ഷെല്ലാക്രമണവും വെടിവെപ്പും നടത്തി. 120എംഎം, 82എംഎം മോര്‍ട്ടല്‍ ഷെല്ലുകള്‍ ഉപയോഗിച്ചാണ് രാജൗരി ജില്ലയിലെ നൗഷരാ പ്രദേശത്തെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഇന്നു പുലര്‍ച്ചെയായിരുന്നു ആക്രമണം. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. സേനയുടെ ഭാഗത്തുനിന്നുണ്ടായ തിരിച്ചടിയെത്തുടര്‍ന്ന് പാക്ക് സൈന്യം പിന്‍വാങ്ങിയതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഇരുസൈന്യവും ശക്തമായ പോരാട്ടത്തിലേര്‍പ്പെട്ടതോടെ ഒരു മണിക്കൂറോളം അതിര്‍ത്തിയില്‍ സംഘാര്‍ഷവസ്ഥ ആയിരുന്നുവെന്നും പ്രദേശവാസികള്‍ ഭയത്തിലായിരുന്നെന്നും അധികൃതര്‍ അഭിപ്രായപ്പെട്ടു. നിയന്ത്രണരേഖയില്‍ ഇന്നലെ പാക്കിസ്ഥാന്‍ നാലുവട്ടം വെടിനിര്‍ത്തല്‍ ലംഘിച്ചിരുന്നു. പൂഞ്ച് ജില്ലയിലെ സേനാ പോസ്റ്റുകള്‍ക്കും ജനവാസകേന്ദ്രങ്ങള്‍ക്കും നേരെ മോര്‍ട്ടാര്‍ ബോംബുകളും തോക്കുകളും ഉപയോഗിച്ചു കനത്ത ആക്രമണമാണു പാക്ക് പട്ടാളം നടത്തിയത്. ഇന്ത്യന്‍ സേനയും പ്രത്യാക്രമണം നടത്തി. പാക്ക് അധിനിവേശ കശ്മീരില്‍ ഇന്ത്യന്‍ സേന കമാന്‍ഡോ ആക്രമണം നടത്തിയതിനു ശേഷം വിവിധ ദിവസങ്ങളിലായി 10 വട്ടമാണു പാക്ക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. നിയന്ത്രണരേഖയില്‍ ഇന്ത്യ-പാക്ക് സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പാക്കിസ്ഥാന്റെ നസീര്‍ ജാന്‍ജുവയും തമ്മില്‍ ഫോണ്‍ വഴി നടത്തിയ സംഭാഷണത്തില്‍ ധാരണയായിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ വീണ്ടും പാക്ക് പ്രകോപനമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.