സിറിയ: ഐഎസ് ഭീകരര്‍ ജനങ്ങളെ കൊന്ന് കൂട്ടത്തോടെ കുഴിച്ചു മൂടിയ 72 കുഴിമാടങ്ങള്‍ കണ്ടെത്തി. ഒരു കുഴിയില്‍ നൂറിലേറെ മൃതദേഹങ്ങള്‍ വരെ. ജനങ്ങളെ കൂട്ടത്തോടെ വെടിവെച്ചും തലയറുത്തും കൊന്ന ശേഷം ബുള്‍ഡോസര്‍ ഉപയോഗിച്ച് വലിയ കുഴിയില്‍ കൂട്ടി ഇടുകയാണ് രീതി. നാസി ക്രൂരതയുടെ തീവ്രത കാണിച്ചു തന്ന കുഴിമാടങ്ങള്‍ക്ക് തുല്യമാണ് ഐഎസിന്റേതും. ഐഎസിന്റെ പിടിയില്‍ നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഗ്രാമീണന്‍ മലയിടുക്കില്‍ ഒളിച്ചിരുന്നു ബൈനോക്കുലറിലൂടെ നോക്കിയപ്പോള്‍ ജനങ്ങളെ വിലങ്ങു വെച്ച് നിരത്തി കൂട്ടത്തോടെ വെടിവെച്ചു കൊല്ലുന്നതാണ് കണ്ടത്. തുടര്‍ച്ചയായ ആറു ദിവസം മലയില്‍ കഴിച്ചു കൂടിയ ഇയാള്‍ കുടുംബത്തെയും ബന്ധുക്കളെയും കൊന്നു കുഴിച്ചു മൂടുന്നതിന് സാക്ഷിയായി. ഇയാളില്‍ നിന്ന് ലഭ്യമായ വിവരത്തില്‍ 15000 പേരെ അടുത്തടുത്ത ദിവസങ്ങളിലായി കൊന്നതായി കണക്കാക്കുന്നു. പല ഗ്രാമങ്ങളും പൂര്‍ണ്ണമായും ഐഎസ് തുടച്ചു നീക്കി. രക്ഷപ്പെട്ടവരുമായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി നടത്തിയ അഭിമുഖങ്ങളുടെയും അന്വേഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വിട്ടത്.