റിയോ: ഇന്ത്യന്‍ ഒളിമ്പിക്‌സ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മലയാളി താരം ഒ.പി.ജയ്ഷ രംഗത്ത്. റിയോ ഒളിമ്പിക്‌സില്‍ വനിതകളുടെ മാരത്തണില്‍ പങ്കെടുത്ത ഒ.പി.ജയ്ഷയ്ക്ക് മല്‍സരത്തിനിടെ കുടിക്കാന്‍ വെള്ളം പോലും നല്‍കാന്‍ ടീം അധികൃതര്‍ ആരും ഉണ്ടായിരുന്നില്ലെന്ന് വെളിപ്പെടുത്തല്‍. 42 കിലോമീറ്റര്‍ ഓടിത്തീര്‍ക്കേണ്ട മാരത്തണില്‍ പങ്കെടുത്ത പെണ്‍കുട്ടിക്കാണ് ഈ അനുഭവം. മല്‍സരം പൂര്‍ത്തിയാക്കിയ ഉടനെ ജയ്ഷ തളര്‍ന്നുവീണിരുന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് ജെയ്ഷയ്ക്ക് ബോധം തെളിഞ്ഞത്. മാരത്തണില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായി ഓരോ രാജ്യക്കാരും കുടിവെള്ളവും ഗ്ലൂക്കോസും എനര്‍ജി ജെല്ലുകളും തയ്യാറാക്കി വയ്ക്കാറുണ്ട്. ഓരോ രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴും ഇത്തരം ഡെസ്‌കുകള്‍ ഉണ്ടാകും. എന്നാല്‍, മാരത്തണ്‍ ഓടുന്ന വഴിയരികില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ഡസ്‌കുകളില്‍ ദേശീയ പതാകയല്ലാതെ ഒരുതുള്ളി വെള്ളം പോലുമില്ലായിരുന്നു.രണ്ട് മണിക്കൂറും 47 മിനിറ്റുമെടുത്താണ് ജയ്ഷ മല്‍സരം പൂര്‍ത്തിയാക്കിയത്. ബെയ്ജിങ്ങില്‍ നടന്ന ലോകചാംപ്യന്‍ഷിപ്പില്‍ രണ്ടു മണിക്കൂറും 34 മിനിറ്റുമെടുത്ത് മാരത്തണ്‍ ഓടിയ താരമാണ് ജയ്ഷ.
മറ്റു രാജ്യങ്ങളുടെ കൗണ്ടറുകളില്‍നിന്ന് കുടിവെള്ളവും മറ്റും എടുത്താല്‍ അയോഗ്യയാക്കപ്പെടും. ഒടുവില്‍ ഒരുപരിധിവരെയെങ്കിലും തുണയായത് രാജ്യാന്തര ഒളിംപിക് കമ്മിറ്റി തയാറാക്കിയ കൗണ്ടറുകളാണ്. അതുപക്ഷേ, എട്ടു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 500 മീറ്റര്‍ പിന്നിടുമ്പോള്‍ത്തന്നെ ക്ഷീണിക്കുമെന്നതിനാല്‍ ഈ സഹായവും പേരിനുമാത്രം. 30 കിലോമീറ്റര്‍ പിന്നിട്ടതോടെ ഒട്ടും ഓടാനാവാത്ത അവസ്ഥയിലായിരുന്നു വെന്ന് ജയ്ഷ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആവശ്യത്തിന് കുടിവെള്ളവും ഗ്ലൂക്കോസും ലഭിക്കാതെ 42 കിലോമീറ്റര്‍ ദൂരം ഓടിത്തീര്‍ത്താണ് ജയ്ഷ ഒടുവില്‍ ഫിനിഷിങ് ലൈനില്‍ തളര്‍ന്നുവീണത്. ഈ സമയത്ത് ടീം ഡോക്ടര്‍ പോലും സ്ഥലത്തില്ലായിരുന്നുവെന്ന ഗുരുതരമായ ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഒടുവില്‍ ജയ്ഷയ്ക്ക് തുണയ്‌ക്കെത്തിയത് പുരുഷവിഭാഗം മാരത്തണില്‍ പങ്കെടുക്കാനെത്തിയ ടി.ഗോപിയും പരിശീലകന്‍ രാധാകൃഷ്ണന്‍ നായരും മാത്രമാണ്. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ മെഡിക്കല്‍ സംഘമാണ് ജയ്ഷയെ ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ച് ഏഴോളം ഗ്ലൂക്കോസ് ബോട്ടിലുകളാണ് ജയ്ഷയ്ക്ക് ഡ്രിപ്പായി നല്‍കിയത്.