ഇന്ത്യയുടെ മെഡല്‍ മോഹങ്ങള്‍ കൊഴിയുന്നു;ബോക്‌സിങ്ങില്‍ വികാസ് കൃഷ്ണന്‍ സെമി കാണാതെ പുറത്ത്; ഇനി പ്രതീക്ഷ ബാഡ്മിന്റണില്‍

റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കൊഴിയുന്നു.ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വികാസ് കൃഷ്ണനു സെമി കാണാതെ പുറത്ത്. ക്വാര്‍ട്ടറില്‍ ഉസ്ബക്കിസ്ഥാന്റെ മെലിക്കുസീസ് ബെക്ടിമോറിനോടാണു പരാജയപ്പെട്ടത്. 3 – 0 ത്തിനായിരുന്നു ബെക്ടിമോറിന്റെ ജയം. ബാഡ്മിന്റന്‍ സിംഗിള്‍സ് മല്‍സരങ്ങളില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ കാത്ത് പി.വി.സിന്ധുവും കെ.ശ്രീകാന്തും. പുരുഷ, വനിത സിംഗിള്‍സില്‍ ഇരുവരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തായ്‌വാന്‍ താരം തായ് സു യിങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേതാവായ ചൈനയുടെ വാങ് യിഹാനാണ് സിന്ധുവിന്റെ എതിരാളി. വാശിയേറിയ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനക്കാരനായ ഡെന്‍മാര്‍ക്കിന്റെ യാന്‍ യോര്‍ഗേഴ്‌സനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ശ്രീകാന്ത് ക്വാര്‍ട്ടറില്‍ സ്ഥാനം നേടിയത്. ലോകറാങ്കിങ്ങില്‍ 11ാം സ്ഥാനത്താണ് ശ്രീകാന്ത്. ചൈനീസ് സൂപ്പര്‍താരം ലിന്‍ ഡാനാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി.
3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ ലളിത ബാബറിന് മെഡല്‍ നേടാനായില്ല. 1984ല്‍ ഫൈനലില്‍ കടന്ന പി.ടി.ഉഷയ്ക്കുശേഷം ഒളിംപിക്‌സ് ട്രാക്കിനത്തില്‍ ഫൈനല്‍ യോഗ്യത നേടുന്ന ആദ്യ താരമെന്ന പകിട്ടുമായിറങ്ങിയ ലളിത ബാബര്‍ പത്താമതായാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. 9 മിനിറ്റ് 22.74 സെക്കന്‍ഡിലാണ് ലളിത ഫിനിഷിങ് ലൈന്‍ കടന്നത്. ട്രിപ്പിള്‍ ജംപില്‍ മല്‍സരിച്ച മലയാളി താരം രഞ്ജിത് മഹേശ്വരി ആദ്യ റൗണ്ടില്‍ പുറത്തായി. ആദ്യ ശ്രമത്തില്‍ 15.80 മീറ്റര്‍ പിന്നിട്ട രഞ്ജിത്, രണ്ടാം ശ്രമത്തില്‍ 16.13 മീറ്റര്‍ പിന്നിട്ടെങ്കിലും യോഗ്യതാ മാര്‍ക്കായ 16.95 മീറ്റര്‍ മറികടക്കാനായില്ല. അവസാന ചാട്ടമാകട്ടെ 15.99 മീറ്ററില്‍ ഒതുങ്ങുകയും ചെയ്തു. ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷകളില്‍ ഒന്നായ ഗുസ്തിയിലും ് തിരിച്ചടിയേറ്റു. ഗ്രീക്കോറോമന്‍ 85 കിലോഗ്രാം വിഭാഗത്തില്‍ മല്‍സരിച്ച രവീന്ദര്‍ ഖത്രി ആദ്യ റൗണ്ടില്‍ തോറ്റു പുറത്തായി. ഹംഗറിയുടെ വിക്ടര്‍ ലോറിന്‍സിനോട് 90നായിരുന്നു ഖത്രിയുടെ തോല്‍വി. വനിതാ വിഭാഗം 200 മീറ്ററില്‍ മല്‍സരിച്ച ശ്രബാനി നന്ദയും സെമി കാണാതെ പുറത്തായി.

© 2024 Live Kerala News. All Rights Reserved.