യുഡിഎഫ് വിട്ട കേരള കോണ്‍ഗ്രസിനെ ഒപ്പം കൂട്ടാന്‍ ബിജെപി; വന്‍ ഓഫറുകള്‍; ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സ്ഥാനം

തിരുവനന്തപുരം: യുഡിഎഫിനോട് ഗുഡ്‌ബൈ പറഞ്ഞ കേരള കോണ്‍ഗ്രസിനെ കൂടെക്കൂട്ടാന്‍ നിരവധി ഓഫറുകളുമായി ബിജെപി രംഗത്ത്. ജോസ് കെ മാണിയ്ക്ക് കേന്ദ്രമന്ത്രി സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ബിജെപി തുടരുകയാണ്. സ്വതന്ത്ര ചുമതലയുളള സഹമന്ത്രിസ്ഥാനമാണ് ജോസ് കെ മാണിയ്ക്ക് ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം ചെയ്യുന്നത്. ഒ രാജഗോപാലിന്റെ നേതൃത്വത്തില്‍ ഏഴ് അംഗങ്ങളുളള എന്‍ഡിഎ ബ്ലോക്കു രൂപപ്പെടുന്നതോടെ ബിജെപിയുടെ വാദങ്ങള്‍ കേരള നിയമസഭയില്‍ ശക്തമായി ഉയരുകയും ചെയ്യും.
എന്നാല്‍ പൊടുന്നനെ കേരള കോണ്‍ഗ്രസിന് മന്ത്രിസ്ഥാനം കൊടുക്കുന്നതില്‍ സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ബാര്‍ കോഴക്കേസില്‍ മാണി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കുമ്മനം തുറന്നടിച്ചത് ഈ അതൃപ്തിയുടെ സൂചനയാണ്. എന്നാല്‍ ഒരു വ്യക്തി നടത്തിയ അഴിമതിയുടെ പേരില്‍ ഒരു പാര്‍ടിയുമായുളള സഹകരണം വേണ്ടെന്നു വെയ്ക്കുന്നത് ശരിയല്ലെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ ബാര്‍ കോഴ വിവാദം ചൂടുപിടിച്ചു നിന്ന കാലത്തു തന്നെ നിലപാടു വ്യക്തമാക്കിയിരുന്നു. പഞ്ചായത്തു സമിതികളില്‍ അധികാരം നേടാന്‍ കേരള കോണ്‍ഗ്രസ് എമ്മുമായി സഹകരിക്കാന്‍ തയ്യാറാണെന്നും മുരളീധരന്‍ അന്നു വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനൊപ്പമാണ് അമിത് ഷായും ബിജെപിയുടെ കേന്ദ്രനേതൃത്വവും. അതേസമയം എന്‍ഡിഎയിലേക്ക് പോയാല്‍ പിളര്‍പ്പുണ്ടാകുമെന്നതിനാല്‍ അക്കാര്യത്തില്‍ സൂക്ഷിച്ച് മതിയെന്നാണ് മാണി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.