കേരള കോണ്‍ഗ്രസിന്റെ നിര്‍ണ്ണായക ക്യാമ്പ് ചരല്‍കുന്നില്‍; തീരുമാനങ്ങള്‍ ഉറ്റുനോക്കി രാഷ്ട്രീയ കേരളം; പങ്കെടുക്കുന്നത് 225 നേതാക്കള്‍

പത്തനംതിട്ട: കേരളാ കോണ്‍ഗ്രസിന്റെ ഭാവിയും യുഡിഎഫിനോടുള്ള നിലപാടും നിശ്ചയിക്കുന്ന നിര്‍ണായകമായ ക്യാമ്പിന് ചരല്‍ക്കുന്നില്‍ തുടക്കം.  യോഗത്തില്‍ നിലപാടെടുക്കേണ്ട വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നിര്‍ണായകമായ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം  ഉച്ചക്ക് രണ്ടു മണിക്കാണ്  ആരംഭിക്കുക. പാര്‍ട്ടി സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവരുള്‍പ്പെടെ 225 പേരാണ് കേരളാ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ക്യാമ്പില്‍ പങ്കെടുക്കുക. കോണ്‍ഗ്രസിനും യുഡിഎഫിനും ഏറെ ആശങ്ക നല്‍കിയാണ് ചരല്‍ക്കുന്നില്‍ ക്യാമ്പ് നടക്കുന്നത്. ക്യാമ്പില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങളാകും യുഡിഎഫും മാണിയും തമ്മിലുള്ള തുടര്‍ബന്ധത്തിന്റെ അടിസ്ഥാനം. മാണി ഗ്രൂപ്പ് പൂര്‍ണമായും യുഡിഎഫ് ബന്ധം വിച്ഛേദിക്കുമോ അതോ സമ്മര്‍ദ്ദ തന്ത്രമെന്ന നിലയില്‍ നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനം കൈക്കൊള്ളുമോ എല്ലാത്തിനും ഉത്തരം വരുന്നത് ചരല്‍ക്കുന്നില്‍ നിന്നാണ്.
ബാര്‍കോഴ ആരോപണത്തില്‍ കുടുക്കിയെന്ന പേരില്‍ ഇടഞ്ഞ് നില്‍ക്കുന്ന മാണിയുടെയും കൂട്ടരുടെയും തീരുമാനം മുന്നണി വിടുകയെന്നത് തന്നെയാണ്. സമ്മര്‍ദ്ദം ഉപയോഗിച്ച് കാര്യം നേടുക അല്ലെങ്കില്‍ എന്‍ഡിഎയുമായി കൂട്ടുചേരുക ഇതാണ് കേരള കോണ്‍ഗ്രസ് മുന്നോട്ടുവെയ്ക്കുകയെന്നാണ് വിവരം. ക്യാമ്പിന് മുന്‍പ് അവസാനമായി മാണിയെ ബന്ധപ്പെടാനുള്ള കോണ്‍ഗ്രസ്, യുഡിഎഫ് നേതാക്കളുടെ ശ്രമവും വിഫലമായി. മാണിയുമായി ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ് നിയോഗിച്ചിട്ടുള്ള ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം കോട്ടയത്തെത്തിയെങ്കിലും മാണിയെ കാണാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ പ്രശ്‌നം ഏറെ സങ്കീര്‍ണ്ണമാണ്.

© 2024 Live Kerala News. All Rights Reserved.