ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു; യെമനിലെ അജ്ഞാത കേന്ദ്രത്തിലാണ് ഇദേഹത്തെ തടവിലാക്കിയിരിക്കുന്നത്

കോട്ടയം: ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച ഫാ. ടോം ഉഴുന്നാലിലിന്റെ പുതിയ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് വഴിയാണ് പുറത്തുവിട്ടിരിക്കുന്നത്. യെമനിലെ അജ്ഞാത കേന്ദ്രത്തില്‍ ഇരു കൈകളും നെഞ്ചില്‍ ചേര്‍ത്തു നില്‍ക്കുന്ന ദയനീയമായ ചിത്രമാണിത്. ഫാ. ടോമിന്റെ ഫെയ്‌സ്ബുക് വഴി ഭീകരര്‍ ഇന്നലെയാണ് പുറത്തുവിട്ടത്. ഫാ. ടോമിന്റെ ഫെയ്‌സ്ബുക് അക്കൗണ്ട് അജ്ഞാതര്‍ ഹാക്ക് ചെയ്തിട്ടുണ്ട്. ചിത്രത്തിലുള്ളത് ഫാ. ടോം തന്നെയാണന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. രണ്ടാഴ്ച മുന്‍പ് കണ്ണു മൂടിക്കെട്ടിയ നിലയിലുള്ള ചിത്രവും ബന്ധുക്കള്‍ക്കു ലഭിച്ചിരുന്നു. ഫാ. ടോം ഇപ്പോഴും യെമനില്‍ തന്നെയാണെന്നാണു ലഭിക്കുന്ന വിവരമെങ്കിലും പാര്‍പ്പിച്ചിരിക്കുന്ന കേന്ദ്രം ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യെമനില്‍ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരിക്കുന്നതിനാല്‍ ഫാ. ടോമിനു വേണ്ടിയുള്ള കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം മുന്നോട്ടുപോകുന്നില്ല. മാര്‍ച്ച് നാലിനാണ് ഫാ. ടോമിനെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. അദേഹത്തെ മോചിപ്പിക്കാനുള്ള കാര്യമായ ശ്രമമൊന്നും ഉണ്ടായതേയില്ല.

© 2024 Live Kerala News. All Rights Reserved.