കാണാതായവര്‍ക്ക് സലഫി ബന്ധമില്ലെന്ന് അന്വേഷണസംഘം; ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം; പലരും സിറിയയിലേക്കും ഇറാനിലേക്കും പോയതായി കണ്ടെത്തി

കാസര്‍ക്കോട്: ഖുര്‍ ആന്‍ നിഷ്‌കര്‍ഷിക്കുന്ന മാതൃകയില്‍ ആടുകളെ മേച്ച് ലളിതജീവിതം നയിക്കുന്ന സലഫി ബന്ധം കാണാതായവരില്‍ കണ്ടെത്താന്‍ ഇന്റലിജന്‍സിന് ആയില്ല. അതേസമയം ഐഎസ് ബന്ധവും ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ കാണാതായ പലരും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന്‍ എയര്‍പോര്‍ട്ടിലെത്തിയതായി എമിഗ്രേഷന്‍ രേഖകള്‍ തെളിയിക്കുന്നു. കൂടാതെ സിറിയയിലേക്കും യാത്ര തിരിച്ചിട്ടുണ്ട്. ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണലമാണിപ്പോള്‍ നടക്കുന്നത്. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 17 പേരാണ് ഒരു മാസത്തിനിടെ കാണാതായത്. കാണാതായവര്‍ മുന്‍കാലങ്ങളില്‍ ബന്ധപ്പെട്ടിരുന്ന ഫോണ്‍ നമ്പരുകളെ ആശ്രയിച്ചാണു പ്രധാനമായും അന്വേഷണം. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് അന്വേഷണം. ഇതോടൊപ്പം കാണാതായ ശേഷം സന്ദേശങ്ങള്‍ വന്ന ഫോണ്‍നമ്പരുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കും. സന്ദേശം വന്ന ഫോണുകള്‍ ഇതിനായി പൊലീസ് സംഘം വീട്ടുകാരില്‍ നിന്നു വാങ്ങിയിട്ടുണ്ട്. ഇവരുമായി അടുപ്പമുണ്ടായവരില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. അതേസമയം, പാലക്കാട്ട് നിന്നു രണ്ടു കുടുംബങ്ങളെ കാണാതായ സംഭവവുമായി ബന്ധപ്പെട്ടു പാലക്കാട് പൊലീസ് സംഘവും തൃക്കരിപ്പൂരിലെത്തി. പാലക്കാട് യാക്കരയില്‍ നിന്ന് അപ്രത്യക്ഷരായ ഈസ, യഹിയ എന്നിവരും കുടുംബവും മുന്‍പ് പലതവണ പടന്നയിലും തൃക്കരിപ്പൂരിലും എത്തിയിരുന്നു. തൃക്കരിപ്പൂരില്‍ നിന്നു കാണാതായവരില്‍ ചിലരുമായി ഈസയും യഹിയയും ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ അഞ്ചരക്കണ്ടി ഭാഗത്തു നിന്നുള്ള ഒരു മതപണ്ഡിതനും ക്ലാസ് നയിക്കുന്ന സംഘാടകനും കാണാതായവരുമായി പുലര്‍ത്തിയ ബന്ധവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. സലഫി ബന്ധമുള്ളവരെ കേരളത്തില്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിതശ്രമത്തിലാണ് പൊലീസ്.

© 2024 Live Kerala News. All Rights Reserved.