കാണാതായവരുടെ ഐഎസ് ബന്ധം കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സിന് പരാജയം; വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ‘റോ’ യുടെ തീരുമാനം

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നു ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായവരുടെ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സിന് കഴിയാതെ വന്ന സാഹചര്യത്തില്‍ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിങ് (റോ) ഏറ്റെടുത്തു. വിദേശ രാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ നടപടി തുടങ്ങി. ഐഎസ് റിക്രൂട്ട്‌മെന്റ് പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ ഇന്നലെ കേന്ദ്ര ഐബി ഡയറക്ടര്‍ ദിനേശ്വര്‍ ശര്‍മ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത കേന്ദ്ര അന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന ഇന്റലിജന്‍സ് മേധാവികളുടെയും ഉന്നതതല യോഗത്തിലാണു റോ മുഖേന അന്വേഷണം വിദേശരാജ്യങ്ങളിലേക്കു വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ നിന്ന് ഇന്റലിജന്‍സ് എഡിജിപി ആര്‍.ശ്രീലേഖ യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായവരെയും ഐഎസ് റിക്രൂട്‌മെന്റ് കണ്ണികളാണെന്നു സംശയിക്കുന്നവരെയും കുറിച്ചുള്ള വിശദ റിപ്പോര്‍ട്ട് എഡിജിപി കേന്ദ്ര ഐബിക്കു സമര്‍പ്പിച്ചു. കേരളത്തില്‍ നിന്ന് അപ്രത്യക്ഷമായവരില്‍ ചിലര്‍ അഫ്ഗാനിസ്ഥാന്‍, ഇറാന്‍, യെമന്‍, സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ എത്തിയിട്ടുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഐഎസില്‍ ചേര്‍ന്നതിന് മതിയായ തെളിവ് സമ്പാദിക്കാന്‍ ഇന്റലിജന്‍സിന് ആയില്ല. ഈ സാഹചര്യത്തിലാണ് വിദേശ രാജ്യങ്ങളില്‍ ശക്തമായ രഹസ്യാന്വേഷണ ശൃംഖലയുള്ള റോയുടെ സഹായം തേടിയത്. വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് ഐഎസില്‍ ചേരാന്‍ പോകുന്നവരെക്കാള്‍ രാജ്യത്തിന് അടിയന്തര ഭീഷണിയുയര്‍ത്തുന്നത് ഐഎസില്‍ നിന്നു പരിശീലനം നേടി രാജ്യത്തു തിരിച്ചെത്തുന്നവരാണെന്ന് ഐബി സംസ്ഥാനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. ഭീകരാക്രമണങ്ങള്‍ സംഘടിപ്പിക്കാന്‍ പരിശീലനം നേടിയെത്തുന്നവരെ കണ്ടെത്താന്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ഐബി സംസ്ഥാന ഇന്റലിജന്‍സ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. ഐഎസ് പരിശീലനം നേടി മടങ്ങിയെത്തിയ ചിലര്‍ ഹൈദരാബാദില്‍ ഇന്നലെ പിടിയിലായിരുന്നു. ഇതു ബന്ധിപ്പിച്ചുകൊണ്ടുള്ള അന്വേഷണമാണിപ്പോള്‍ കേരളത്തിലും നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.