ദുരൂഹ സാഹചര്യത്തില്‍ കാണാതായ കാസര്‍ക്കോട് സ്വദേശി വീട്ടിലേക്ക് വിളിച്ചു; തങ്ങള്‍ സുരക്ഷിതരാണ്; ഉടന്‍ ജോലിക്ക് കയറും; തൃക്കരിപ്പൂരില്‍ കാണാതായവര്‍ നാല് സംഘങ്ങളായി ടെഹ്‌റാനിലേക്ക് കടന്നു

കൊച്ചി: കാസര്‍ക്കോട് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായവരില്‍ പടന്ന സ്വദേശി ഡോ.ഇജാസും ഭാര്യ റിഫൈലയുമാണ് വീട്ടിലേക്ക് വിളിച്ചത്.
തങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വന്നതല്ലെന്നും ജോലിക്കായി എത്തിയതാണെന്നുമാണ് വീട്ടുകാരോട് റിഫൈല പറഞ്ഞത്. സുരക്ഷിതരാണെന്നും ഉടന്‍ തന്നെ ജോലിക്ക് കയറുമെന്നും റിഫൈല പറഞ്ഞതായി ബന്ധുക്കള്‍ അറിയിച്ചു. എന്നാല്‍ എവിടെയാണ് തങ്ങള്‍ ഉള്ളതെന്ന കാര്യം വ്യക്തമാക്കിയില്ല. ശബ്ദ സന്ദേശം അന്വേഷണ സംഘത്തിന് കൈമാറി. അതേസമയം തൃക്കരിപ്പൂരില്‍ നിന്നും കാണാതായവരില്‍ 12പേര്‍ ഇറാനിലെ ടെഹ്‌റാനിലേക്ക് കടന്നത് നാല് ഗ്രൂപ്പുകളായിട്ടാണെന്ന വിവരവും പുറത്ത് വന്നു. കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സി വഴി വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്തത് മേയ് 24, ജൂണ്‍ 27,28, ജൂലൈ 3 എന്നീ ദിവസങ്ങളിലാണ് സംഘം ടെഹ്‌റാനിലേക്ക് കടന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ വിമാനത്താവളങ്ങള്‍ വഴിയായിരുന്നു യാത്ര.
തൃക്കരിപ്പൂര്‍ പടന്ന സ്വദേശികളായ ഡോ.ഇജാസ്, ഭാര്യ റഫീല, ഒന്നരവയസ് പ്രായമുളള മകന്‍, ഇജാസിന്റെ സഹോദരന്‍ ഷിയാസ്, ഭാര്യ അജ്മല ഇവരുടെ മകന്‍,പി.കെ അഷ്ഫാഖ്, ഭാര്യ ഷംസിയ, രണ്ടു വയസുളള മകള്‍, എളമ്പച്ചി സ്വദേശി മുഹമ്മദ് മന്‍സാദ് പടന്ന സ്വദേശി ഹഫീസുദ്ദീന്‍ എന്നിവരാണ് ടെഹ്‌റാനിലേക്ക് കടന്നത്. ജൂണ്‍ ആദ്യവാരത്തില്‍ കോഴിക്കോട്ടെ ട്രാവല്‍ ഏജന്‍സി വഴി നാലുഗ്രൂപ്പുകളായിട്ടാണ് ഇവര്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ജൂണ്‍ 24ന് രാജ്യം വിട്ട ഷിയാസിനു തൊട്ടുപിന്നാലെ ജൂണ്‍ 27ന് പി.കെ അഷ്ഫാഖ്, ഭാര്യ ഷംസിയ, ഇവരുടെ രണ്ട് വയസുളള മകള്‍ എന്നിവരുള്‍പ്പെടുന്ന സംഘം മുംബൈ വഴി യാത്രയായി. 28ന് മര്‍വാന്‍ ബക്കര്‍ ഇസ്മായില്‍, മുഹമ്മദ് മന്‍സാദ്, ഹഫീസുദ്ദീന്‍ എന്നിവര്‍ ഹൈദരാബാദ് വിമാനത്താവളം വഴി ടെഹ്‌റാനിലേക്ക് കടന്നുവെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍. ഡോ.ഇജാസാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തത്. കാണാതായവരുടെ വിവരങ്ങള്‍ ഏറെക്കുറെ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. എന്നാല്‍ ലക്ഷ്യം എന്താണെന്നുള്ള കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

© 2024 Live Kerala News. All Rights Reserved.