കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 11 പേര്‍ക്കും ഐഎസുമായി ബന്ധം; അഞ്ചുപേര്‍ സിറിയയില്‍ ഐഎസ് പരിശീലനകേന്ദ്രത്തിലെന്ന് സൂചന; പിടിയിലായ ഫിറോസ്ഖാനില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ 11 പേര്‍ക്കും ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ളതായി എന്‍ഐഎയ്ക്ക് സൂചന ലഭിച്ചു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനെ (24) ഇന്നലെ വൈകിട്ടു മുംബൈ ഡോംഗ്രിയിലെ ഹോട്ടലില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് എന്‍ഐഎയ്ക്ക് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ്ട്. ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഇവര്‍ക്കൊപ്പം കാണാതായ ആറുപേര്‍ക്കുകൂടി സംഘവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനകളും ഈ സന്ദേശങ്ങളിലുണ്ട്. ഇതേസമയം, പാലക്കാട്ടുനിന്നു കാണാതായ ദമ്പതികളായ നാലുപേരുടെ ഐഎസ് ബന്ധം തെളിയിക്കുന്ന പരാമര്‍ശങ്ങളൊന്നും ലഭിച്ചിട്ടില്ല. കോഴിക്കോട് ജില്ലയിലെ വടകരയില്‍നിന്നു മൂന്നുപേര്‍കൂടി സംഘത്തില്‍ ഉണ്ടെന്നു സംശയമുണ്ടെങ്കിലും ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. കാസര്‍കോട്ടുനിന്നു കാണാതായ 17 പേരില്‍ ഏറ്റവും അവസാനമായി ബന്ധുക്കള്‍ക്കു സന്ദേശം അയച്ചതു ഫിറോസ് ഖാന്‍ ആയിരുന്നു. കഴിഞ്ഞ മാസം 22നു കോഴിക്കോട്ടേക്കെന്നു പറഞ്ഞാണു ഫിറോസ് വീട്ടില്‍നിന്നു പുറപ്പെട്ടത്. കഴിഞ്ഞ ചൊവ്വാഴ്ച വീട്ടിലെ ഫോണിലേക്കു വിളിച്ച് തൃക്കരിപ്പൂരില്‍നിന്നു ചിലര്‍ സിറിയയില്‍ എത്തിയിട്ടുണ്ടെന്നും ഐഎസ് ക്യാംപിലാണ് ഇവരെന്നും പറഞ്ഞിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നും താന്‍ മുംബൈയില്‍ ഉണ്ടെന്നും ഇക്കാര്യം ആരെയും അറിയിക്കരുതെന്നും ഫിറോസ് പറഞ്ഞതായാണു പൊലീസ് നല്‍കുന്ന വിവരം. ഫിറോസ് വിളിച്ച ഫോണ്‍ നമ്പരിന്റെ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണു പിടികൂടിയത്. അഞ്ചുപേര്‍ ശ്രീലങ്ക വഴിയും മുംബൈ വഴിയും സിറിയയിലേക്കു പോയി എന്നുള്ളതു ബന്ധുക്കള്‍ക്ക് അയച്ച സന്ദേശങ്ങളില്‍നിന്നുള്ള അറിവു മാത്രമാണ്.

© 2024 Live Kerala News. All Rights Reserved.