കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 11 പേര്‍ക്ക് ഐഎസുമായി ബന്ധം; അഞ്ചുപേര്‍ സിറിയയില്‍ ഐഎസ് പരിശീലനകേന്ദ്രത്തിലെന്ന് സൂചന; പിടിയിലായ ഫിറോസ്ഖാനില്‍ നിന്ന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്നും ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷനായ തൃക്കരിപ്പുര്‍ ഇളമ്പച്ചി സ്വദേശി ഫിറോസ് ഖാനാണ് മുംബൈയില്‍ പിടിയിലായത്. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗമാണ് ഫിറോസിനെ കസ്റ്റഡിയിലെടുത്തത്. ഒരുമാസം മുമ്പാണ് ഇയാളെ കാണാതായത്.
കാസര്‍ഗോഡ് നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 15 പേരെ കാണാതായ സംഭവം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ തീരുമാനമായി. ഇതിനു മുന്നോടിയായി എന്‍ ഐ എയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജില്ലയിലെത്തി പ്രാഥമിക അന്വേഷണം നടത്തി.
കാണാതായവര്‍ക്ക് ഐ എസ് തീവ്രവാദ ബന്ധം ഉള്ളതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാണാതായ മുഴുവന്‍ പേരുടെയും ബന്ധുക്കളില്‍ നിന്നും പോലീസിന് പരാതി ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം കൈമാറാനാണ് തീരുമാനം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ബന്ധുക്കള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ദേശീയ അന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ വിക്രമിന്റെ നേതൃത്വത്തിലുള്ള സംഘം തൃക്കരിപൂരിലെത്തി പ്രാഥമിക അന്വേഷണം നടത്തി. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും റോയും നടത്തിയ അന്വേഷണം പൂര്‍ത്തിയായി. ഇവര്‍ ഉടന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കാണാതായവരില്‍ ചിലര്‍ക്ക് ഐ എസുമായി ബന്ധമുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് തൊഴില്‍തേടി ഇതര രാജ്യങ്ങളിലേക്ക് പോയവരുടെ കണക്ക് ഉള്‍പ്പെടെ അന്വേഷണ ഏജന്‍സി തയ്യാറാക്കുമെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.