ഐഎസ് റിക്രൂട്ട് മെന്റിലേക്കുള്ള പ്രധാന കണ്ണി കാസര്‍ക്കോട് സ്വദേശി റാഷിദ്; കുടുംബസമ്മേതം പോയവര്‍ നിരവധി; അന്വേഷണം ഊര്‍ജ്ജിതമാക്കി

കാസര്‍കോട്: കേരളത്തില്‍ നിന്ന് ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയവരുടെ പ്രധാന കണ്ണി കാസര്‍ക്കോട് പടന്ന സ്വദേശി റാഷിദ് ആണെന്ന് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടയില്‍ തൃക്കരിപ്പൂര്‍ പടന്നയില്‍ നിന്നും കാണാതായ രണ്ട് യുവാക്കള്‍ മുംബൈയില്‍ നിന്നും പിടിയിലായതായും സൂചനയുണ്ട്. കാസര്‍കോട് തൃക്കരിപൂരില്‍ നിന്നും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ കാണാതായത് സംബന്ധിച്ച് രഹസ്യാന്വേഷണ ഏജന്‍സിയായ റോ ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ജില്ലയിലെത്തി കൂടുതല്‍ വിവര ശേഖരണം ആരംഭിച്ചു. ഡി ജി പിയുടെ നിര്‍ദ്ദേശ പ്രകാരം ഉത്തരമേഖലാ എഡിജിപിയും സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് യുവാക്കളും സ്ത്രീകളും രാജ്യം വിട്ടതെന്ന ബന്ധുക്കളുടെ വെല്‍പ്പെടുത്തലോടെ കാസര്‍കോട്, തൃക്കരിപ്പൂര്‍, ഉടുമ്പുന്തല, പടന്ന പ്രദേശങ്ങള്‍ ഉന്നത അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലായി. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെപ്പറ്റി അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാളികളുടെ ഐഎസ് ബന്ധം ഞെട്ടലുളവാക്കിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി പ്രതികരിച്ചു. സത്യാവസ്ഥ തിരിച്ചറിയാതെ പ്രതികരിക്കാനില്ലെന്നും എകെ ആന്റണി പറഞ്ഞു. സ്ഥിതി ആശങ്കാജനകം ആണെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. മലയാളികളുടെ ഐഎസ് ബന്ധം കേന്ദ്രസംസ്ഥാന ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് കേരളത്തെ ഞെട്ടിച്ച ഈ വാര്‍ത്ത പുറത്തുവന്നത്. കാസര്‍കോട് ജില്ലയിലെ 11 പേരെയും പാലക്കാടു നിന്നുളള 4 പേരെയുമാണ് കഴിഞ്ഞ ഒരു മാസമായി കാണാതായത് . ജൂണ്‍ 6 മുതലാണ് ഇവര്‍ അപ്രത്യക്ഷമായത്. ഇതേത്തുടര്‍ന്ന് ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടെത്തി പരാതി നല്‍കി. തീര്‍ത്ഥാടനത്തിനെന്ന വ്യാജേനയാണ് വീട് വിട്ടിറങ്ങിയതെന്ന് ബന്ധുക്കള്‍ പറയുന്നു. നരകത്തില്‍ നിന്ന് സ്വര്‍ഗത്തിലെത്തി. ഖുറാനും ഹദീസും പറയുന്ന സ്വര്‍ഗത്തിലാണ് തങ്ങളിപ്പോള്‍ എന്നൊക്കെയുള്ള മെസജുകള്‍ ഇവര്‍ വാട്ട്‌സ്ആപ്പ് വഴി ബന്ധുക്കള്‍ക്ക് അയച്ചത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.