മണിക്കൊപ്പം പാഡിയിലുണ്ടായിരുന്ന സുഹൃത്തുകളെ നുണപരിശോധനക്ക് വിധേയമാക്കും; മെഥനോളിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല; അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ തീരുമാനം

തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ മണിക്കൊപ്പം പാഡിയിലുണ്ടായിരുന്ന സുഹൃത്തുകളെ നുണപരിശോധനക്ക് വിധേയമാക്കും. മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത വരുത്താനാണ് പരിശോധന. മരണകാരണമായേക്കാവുന്ന അളവില്‍ മെഥനോള്‍ ശരീരത്തില്‍ എത്തിയതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായെങ്കിലും, മെഥനോളിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. മണിയെ അവശനിലയില്‍ കണ്ടതിന്റെ തലേ ദിവസം വിശ്രമകേന്ദ്രമായ പാഡിയിലുണ്ടായിരുന്നവരെയാണ് നുണപരിശോധനക്ക് വിധേയമാക്കുക. റൂറല്‍ എസ്പി നിശാന്തിനിയെ ഉള്‍പ്പെടുത്തി അന്വേഷണസംഘം വിപുലീകരിക്കാനും തീരുമാനമായി.

മണിയുടെ മരണത്തിലെ ദുരൂഹത തുടരുന്ന സാഹചര്യത്തില്‍ കുടുംബത്തിന്റെ ആരോപണം കൂടി കണക്കിലെടുത്താണ് അന്വേഷണ സംഘം സഹായികളുടെ നുണപരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മണിയെ അപായപ്പെടുത്താന്‍ ഒപ്പമുണ്ടായിരുന്നവര്‍ ശ്രമിച്ചിട്ടുണ്ടെന്ന സംശയമാണ് കുടുംബത്തിനുള്ളത്. സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഈ ആരോപണം നിരവധി തവണ ഉന്നയിച്ചിട്ടുള്ളത്. മണിയുടെ സഹായികളായ അരുണ്‍,വിപിന്‍,മുരുകന്‍ എന്നിവര്‍ക്കൊപ്പം മാനേജര്‍ ജോബി, ഡ്രൈവര്‍ പീറ്റര്‍ എന്നിവരെയും നുണപരിശോധനക്ക് വിധേയമാക്കും. മണിയുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നവരും അവസാന നിമിഷങ്ങള്‍ വരെ ചെലവഴിച്ചവരുമാണ് ഇവര്‍. നുണപരിശോധനക്കുള്ള സമ്മതം പൊലീസിന് ഇവര്‍ നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.