കലാഭവന്‍ മണിയുടെ മരണം;കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ല; കീടനാശിനി സാന്നിദ്ധ്യമില്ല; ശരീരത്തില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മാത്രമെന്ന് പൊലീസ്

കൊച്ചി: കലാഭവന്‍ മണിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കാനുള്ള തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പോലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ നടത്തിയ രക്തപരിശോധനയില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിധ്യം മാത്രമാണ് കണ്ടെത്തിയതെന്നും കീടനാശിനിയുടെ സാന്നിദ്ധ്യമൊന്നും കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ രക്തസാമ്പിള്‍ പരിശോധനയുടെ റിപ്പോര്‍ട്ട് മെഡിക്കല്‍ ബോര്‍ഡിന് സമര്‍പ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥനായ ചാലക്കുടി പൊലീസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. മണിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. എറണാകുളം റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ ക്‌ളോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെ സാന്നിദ്ധ്യമുണ്ടെന്ന് ലാബ് റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്ന ലക്ഷണങ്ങള്‍ മണി പ്രകടിപ്പിച്ചിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.റീജിയല്‍ ലാബ് റിപ്പോര്‍ട്ടില്‍ കീടനാശിനിയുടെ അംശം കണ്ടെത്താനുള്ള സാധ്യത കുറവായതിനാലാണ് രക്തസാമ്പിള്‍ ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലാബില്‍ പരിശോധനയ്ക്ക് അയക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ വിഷമദ്യത്തിന്റെയും മദ്യത്തിന്റെയും സാന്നിദ്ധ്യം മാത്രമാണ് കണ്ടെത്താനായത്.2016 മാര്‍ച്ച് ആറിനാണ് കലാഭവന്‍ മണി മരിച്ചത്. കേസില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. രോഗംമൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ച്ചെന്നുള്ള മരണം എന്നിങ്ങനെയുള്ള സാധ്യതകളാണ് പോലീസ് പരിശോധിച്ചിരുന്നത്.

© 2024 Live Kerala News. All Rights Reserved.