കലാഭവന്‍ മണിയുടെ വേര്‍പാടിന് ഒരാണ്ട്; അനിശ്ചിതകാല നിരാഹാരസമരത്തിന് കുടുംബം

ചാലക്കുടി:മലയാളത്തിന്റെ ജനപ്രിയ നടന്‍ കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്നേക്ക് ഒരാണ്ട് തികയുകയാണ്.മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്. ചാലക്കുടി കലാമന്ദിറില്‍ സഹോദരന്‍ രാമകൃഷ്ണന്‍ നടത്തിവന്ന മൂന്നുദിവസത്തെ സമരം അനിശ്ചിതകാലത്തേക്കു നീട്ടാനാണ് തീരുമാനം. രാമകൃഷ്ണന്റെ സമരത്തോട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവുമില്ലാത്തതുകൂടി കണക്കിലെടുത്താണ് സമരം അനിശ്ചിതകാലത്തേക്കു നീട്ടുന്നത്. മണിയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ സിബിഐ അന്വേഷണം ത്വരിതപ്പെടുത്തണമെന്നും പ്രതികള്‍ക്കെതിരെ എത്രയും പെട്ടെന്ന് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയതല്ലാതെ ഒരു തുടര്‍നടപടികളും ഉണ്ടായിട്ടല്ല. പൊലീസിന്റെ അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും മരണം സ്വാഭാവിക മരണമാക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചു. മണിയുടെ ശരീരത്തിലെ വിഷാംശം അറിയാന്‍ നടത്തിയ ആന്തരികാവയവങ്ങളുടെ രാസപരിശോധന അട്ടിമറിച്ചെന്നും അതിനെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് രാമകൃഷ്ണന്‍ സമരം നടത്തുന്നത്. ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടും പുനഃപരിശോധനയ്ക്കായി നാഷണല്‍ ലാബിലേക്ക് അയച്ചത് ഈ ഉദ്ദേശത്തോടെയാണ്. സീല്‍ ചെയ്യാതെ അയച്ച അവയവ ഭാഗങ്ങള്‍ ഏതു സാഹചര്യത്തിലാണ് നാഷണല്‍ ലാബില്‍ സ്വീകരിച്ചതെന്നും രാമകൃഷ്ണന്‍ ചോദിച്ചു.അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്തുതന്നെ ശരീരത്തില്‍ വിഷാംശം കര്‍ന്നിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട് എഴുതിയത്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍പോലും പ്രതികള്‍ക്ക് അനുകൂലമായി പൊലീസ് എഴുതിയെന്നും രാമകൃഷ്ണന്‍ ആരോപിച്ചു. ഇക്കാര്യങ്ങളിലെല്ലാം വ്യക്തത ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.