കലാഭവന്‍ മണിയുടെ മരണം;നുണ പരിശോധന ഫലം പൊലീസിന് ലഭിച്ചു; അസ്വാഭാവികത കണ്ടെത്താനായില്ല

തൃശ്ശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് നടത്തിയ നുണപരിശോധാ ഫലം പൊലീസിന് ലഭിച്ചു.നുണപരിശോധനയില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസിന് നല്‍കിയ മൊഴി നുണ പരിശോധനയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ആറ് പേരെയാണ് നുണ പരിശോധനയ്ക്ക് വിധേയമാക്കിയത്. കേസില്‍ നിര്‍ണായകമായിരുന്നു നുണ പരിശോധന.ഫലം ലഭ്യമായതോടെ കേസിലെ അടുത്ത നടപടിയെ കുറിച്ച് ഉന്നതതല ചര്‍ച്ച നടത്താനാണ് പോലീസിന്റെ തീരുമാനം.കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. മരണത്തില്‍ സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടത്.ഹൈദരാബാദിലെ കേന്ദ്ര ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ മണിയുടെ ശരീരത്തില്‍ അപകടകരമായ അളവില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതോടെ മണിയുടെ ശരീരത്തില്‍ വ്യാജമദ്യം എത്തിയിരുന്നോ എന്ന അന്വേഷണം പോലീസ് നടത്തി. എന്നാല്‍, മണി വ്യാജമദ്യം കഴിച്ചു എന്ന തരത്തിലുള്ള മൊഴികളൊന്നും ലഭിച്ചില്ല. മൊഴികള്‍ സത്യമാണോ എന്ന് കണ്ടെത്താനാണ് നുണ പരിശോധന നടത്തിയത്. സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുതിയോടെ തിരുവനന്തപുരത്തായിരുന്നു നുണ പരിശോധന.

© 2024 Live Kerala News. All Rights Reserved.