തിരുവനന്തപുരം: ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റ അടിസ്ഥാനത്തില്‍ കലാഭവന്‍ മണിയുടെ സുഹൃത്തുക്കളെ നുണപരിശോധന നടത്താന്‍ അന്വേഷണസംഘം നടപടി തുടങ്ങി. സുഹൃത്തുക്കളായ അനീഷ്, മുരുകന്‍, വിപിന്‍, അരുണ്‍, ഡ്രൈവര്‍ പീറ്റര്‍, മാനേജര്‍ ജോബി എന്നിവരെയാണ് പോളിഗ്രാഫ് ടെസ്റ്റിന് വിധേയരാക്കുക. നുണപരിശോധനയ്ക്ക് അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷയില്‍ ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. മണിയുടെ സുഹൃത്തുക്കളും സഹായികളുമായ ആറു പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനം. പരിശോധനയ്ക്ക് അനുമതി തേടി ചാലക്കുടി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ആറ് പേരെയും നോട്ടീസ് അയച്ചു വിളിപ്പിച്ച് സമ്മതം വാങ്ങിയതിനെ തുടര്‍ന്നാണ് ചാലക്കുടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നുണപരിശോധനയ്ക്ക് ഉത്തരവിട്ടത്. കേന്ദ്ര സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. ശരീരത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനിയുടെയും മീഥേല്‍ ആല്‍ക്കഹോളിന്റെയും സാന്നിധ്യം കണ്ടെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഇവയുടെ ഉറവിടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിലാണ് പോളിഗ്രാഫ് ടെസ്റ്റ് നടത്താന്‍ തീരുമാനം. മണി മരിക്കുന്നതിന്റെ തലേദിവസം പാഡിയില്‍ ഒരു നടിയുണ്ടായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.