വീടിന്റെ പരിസരത്ത് നിന്നും ലഭിച്ച കറുത്ത റബ്ബര്‍ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തി; ചെരുപ്പില്‍ സിമന്റ് പറ്റിയ നിലയില്‍; അന്വേഷണം ആ വഴിക്ക്

കൊച്ചി: പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ദളിത് വിദ്യാര്‍ത്ഥിനി ജിഷയുടെ വീടിന്റെ പരിസരത്തു നിന്നും ലഭിച്ച കറുത്ത റബ്ബര്‍ ചെരുപ്പില്‍ ജിഷയുടെ രക്തകോശങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങള്‍ അറിഞ്ഞത്. കൊലയാളിയിലേക്കുള്ള പൊലീസിന്റെ അന്വേഷണം ഇതോടെ ഈ ചെരുപ്പിന്റെ ഉടമയിലേക്കു മാത്രമായി കേന്ദ്രീകരിച്ചേക്കും ചെരുപ്പുകളുടെ ഉടമയെ കണ്ടെത്താന്‍ കഴിയുന്നതോടെ 47 ദിവസമായി കാണാമറയത്തു നില്‍ക്കുന്ന കൊലയാളിയിലേക്ക് എത്തിച്ചേരാമെന്നാണ് പൊലീസ് കരുതുന്നത്.

ഏപ്രില്‍ 28 നു കൊലപാതകം നടക്കുമ്പോള്‍ കൊലയാളി ധരിച്ചിരുന്ന ചെരുപ്പുകള്‍ ഇതു തന്നെയാണെന്നു സ്ഥിരീകരിക്കുന്ന രീതിയിലാണു ഫൊറന്‍സിക് പരിശോധനാ ഫലം. ജിഷയുടെ വീടിന്റെ പരിസരത്തു കണ്ടെത്തിയ ചെരുപ്പുകള്‍ ആ ദിവസങ്ങളില്‍ തന്നെ സമീപവാസികള്‍ക്കു തിരിച്ചറിയാനായി പ്രദര്‍ശിപ്പിച്ചിരുന്നെങ്കിലും ഉടമയെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞില്ല. ചെരുപ്പില്‍ സിമന്റ് പറ്റിയിരുന്നതിനാല്‍ ആ ദിവസങ്ങളില്‍ നിര്‍മാണമേഖലയില്‍ കടന്നിട്ടുള്ളയാളാണു കൊലയാളിയെന്നു വ്യക്തമായിരുന്നു. പെരുമ്പാവൂര്‍ മേഖലയില്‍ ഇത്തരം കറുത്ത റബ്ബര്‍ ചെരുപ്പുകള്‍ ധരിക്കാറുള്ളത് ഇതരസംസ്ഥാന തൊഴിലാളികളാണെന്നാണു പ്രാഥമിക നിഗമനം. ഇത്തരം ചെരുപ്പ് ഉപേക്ഷിച്ചു കൊലയാളി കടന്നത് അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു തിരിക്കാനാണെന്ന് ആദ്യഘട്ടത്തില്‍ സംശയിച്ചിരുന്നു. ചെരുപ്പു ധരിച്ചു കനാലിലേക്കു കുത്തനെ ഇറങ്ങാന്‍ ബുദ്ധിമുട്ടായതിനാല്‍ കൊലയാളി ചെരുപ്പ് ഉപേക്ഷിച്ചതാവാനുള്ള സാധ്യതയാണെന്നും വിലയിരുതാം.

© 2024 Live Kerala News. All Rights Reserved.