ജിഷവധം; അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ കോടതിയില്‍ ഹാജരാകും;അപേക്ഷ പെരുമ്പാവൂര്‍ കോടതി അംഗീകരിച്ചു

കൊച്ചി:  ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ കോടതിയില്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി   സുപ്രീം കോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ തന്റെ അഭിഭാഷകനായി നിയമിക്കണമെന്ന അമീറിന്റെ ആവശ്യം  പെരുമ്പാവൂര്‍ കോടതി അംഗീകരിച്ചു. തനിക്ക് അഭിഭാഷകനായി ആളൂരിനെ വേണമെന്ന് അമീറുള്‍ ഇസ്ലാം വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് മുഖേനെയാണ് അമീറുള്‍ അപേക്ഷ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്.  കഴിഞ്ഞ ഏപ്രില്‍ 28 നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ  രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്.  കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം കണ്ടത്. നെഞ്ചിലും കഴുത്തിലും തലയുടെ പിന്‍വശത്തും താടിയിലും ആയുധം കൊണ്ടുണ്ടായ മുറിവുണ്ടായിരുന്നു. ആന്തരാവയവങ്ങള്‍ വയര്‍പൊട്ടി പുറത്തുവന്ന നിലയിലായിരുന്നു.  അസം സ്വദേശിയായ അമീറുള്‍ ഇസ്ലാമിനെ നീണ്ട അന്വേഷണത്തിനൊടുവില്‍ ജൂണ്‍ 14 ന് തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്ന് പൊലീസ് അറസ്റ്റു ചെയ്തു.

© 2024 Live Kerala News. All Rights Reserved.