ജിഷ കൊലക്കേസ് വിചാരണ ഇന്ന് ആരംഭിക്കും; പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് അഡ്വ.ബി ആളൂര്‍;ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ വധക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ. പ്രതിയായ അമീറുല്‍ ഇസ്ലാമിന് വേണ്ടി ഹാജരാകുന്നത് സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഡ്വ.ബി ആളൂരാണ്. ആളൂരിനെ തടയുമെന്ന് ദളിത് പ്രതികരണ വേദി അറിയിച്ചിട്ടുണ്ട്. ജിഷക്ക് നീതി നിഷേധിക്കപ്പെടാനുളള സാഹചര്യം ഉണ്ടാകരുതെന്നാണ് ദളിത് പ്രതികരണ വേദിയുടെ ആവശ്യം. പെരുമ്പാവൂരില്‍ നടന്ന ജിഷ വധക്കേസ് മാസങ്ങളോളം ചര്‍ച്ച ചെയ്യപ്പെടുകയും വിവാദങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. രണ്ടു സര്‍ക്കാരുകളുടെ കീഴിലായിട്ടാണ് ഇതിന്റെ അന്വേഷണം നടന്നതും.അഞ്ചുമാസങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിന് ശേഷമാണ് ഇന്ന് വിചാരണ തുടങ്ങുന്നത്. അതുകൊണ്ടു തന്നെ ഏറെ കരുതലോടെയാണ് പൊലീസും. കൊല ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ചുകയറല്‍, മാനഭംഗപ്പെടുത്തല്‍, ഗുരുതരമായി മുറിവേല്‍പിക്കല്‍, തടഞ്ഞുവയ്ക്കല്‍, തെളിവു നശിപ്പിക്കല്‍, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. ഇതുകൂടാതെ, ദളിത് പീഡന നിരോധന നിയമത്തിലെ കുറ്റവും ചുമത്തിയിട്ടുണ്ട്. പ്രതിക്കും ഏതാനും സാക്ഷികള്‍ക്കും മലയാളമോ ഇംഗ്ലീഷോ അറിയാത്തതിനാല്‍ ദ്വിഭാഷിയുടെ സഹായത്തോടെയാവും വിചാരണ നടത്തുക. 195 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിക്കുന്നത്. ഇംഗ്ലീഷും മലയാളവും അറിയാത്തതിനാല്‍ പ്രതി അമീറിനായി ദ്വിഭാഷിയെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്ത ജനുവരി 23 വരെ അവധി ദിവസങ്ങള്‍ ഒഴിവാക്കിയാണ് വിചാരണ. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് വൈകുന്നേരം 5.30 നും ആറിനുമിടയിലാണ് പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്.

© 2024 Live Kerala News. All Rights Reserved.