ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഹര്‍ജി നല്‍കി; മരണസമയത്തില്‍ ദുരൂഹതകള്‍;നാളെ വാദം കേള്‍ക്കും

കൊച്ചി; ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ വിചാരണ ബുധനാഴ്ച ആരംഭിക്കാനിരിക്കെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പാപ്പു ഹര്‍ജി നല്‍കിയത്. മരണസമയം സംബന്ധിച്ച് ദുരൂഹതകള്‍ ഉണ്ടെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് പാപ്പു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച് കോടതി നാളെ വാദം കേള്‍ക്കും. ജിഷ വധക്കേസിലെ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകള്‍ പലതും വാസ്തവിരുദ്ധമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ജിഷ കൊല്ലപ്പെട്ട സമയം സംബന്ധിച്ച് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും വൈരുദ്ധ്യമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജിഷയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്നും പ്രതി അമീറുല്‍ ഇസ്!ലാം ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന പൊലീസ് വാദം വിശ്വസിക്കാനാവില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ 28നാണ് പെരുമ്പാവൂര്‍ രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ ജിഷ എന്ന നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചതിനുശേഷം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജിഷയുടെ അമ്മ രാജ്വേശരി കൂലിപ്പണി കഴിഞ്ഞ് എത്തിയപ്പോള്‍ വൈകിട്ട് എട്ടരയോടെയാണ് മൃതദേഹം കണ്ടത്. ആന്തരികാവയവങ്ങള്‍ വരെ പുറത്ത് വന്ന നിലയിലായിരുന്നു മൃതദേഹം. ഒരു മാസം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് അമീറുള്‍ ഇസ്ലാം എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നതും.

© 2024 Live Kerala News. All Rights Reserved.