ജിഷ വധക്കേസില്‍ വാടക ഗുണ്ട പൊലീസ് കസ്റ്റഡിയില്‍; ഇയാളും കൂട്ടാളിയും സംഭവദിവസം പെരുമ്പാവൂരിലെത്തിയിരുന്നു; ജിഷയുടെ മൊബൈലില്‍ മൂന്ന് ഇതരസംസ്ഥാനക്കാരുടെ ചിത്രമുള്ളത് അന്വേഷിക്കുന്നു

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ ചോദ്യം ചെയ്യുന്നതിനായാണ് എറണാകുളത്തെ കുപ്രസിദ്ധ വാടക ഗുണ്ടകളിലൊരാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് ഇയാളും കൂട്ടാളിയും രാത്രി പട്ടണത്തിലൂടെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്നതു ശ്രദ്ധിച്ച നാട്ടുകാരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. കൊലപാതകം അടക്കം പല ക്രിമിനല്‍ കേസുകളിലും പ്രതിയായ ഈ ക്വട്ടേഷന്‍ തലവന് വലിയ രാഷ്ട്രീയ സ്വാധീനവുമുണ്ട്. കുറുപ്പംപടിക്കു സമീപത്തെ എന്‍ജിനീയറിങ് വര്‍ക്‌ഷോപ്പിലും ഇയാളും കൂട്ടാളിയും എത്തിയിരുന്നു. കൊല്ലപ്പെട്ട ജിഷയുമായി ഇയാള്‍ക്ക് എന്തെങ്കിലും പരിചയമുള്ളതായി അറിയില്ല. കൊലപാതകത്തില്‍ എന്തെങ്കിലും പങ്കുണ്ടോ എന്നറിയാനാണു ചോദ്യം ചെയ്യുന്നത്.

ജിഷയുടെ മൊബൈല്‍ ഫോണിലെ മൂന്നു പേരുടെ ചിത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം എങ്ങും എത്തിയിട്ടില്ല. ഇവര്‍ മൂന്നുപേരും ഇതര സംസ്ഥാനക്കാരാണ്. എന്തിനു വേണ്ടിയാണ് ഇവരുടെ ചിത്രങ്ങള്‍ ജിഷ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരില്‍ ഭൂരിഭാഗവും അന്വേഷണത്തോടു വേണ്ടവിധം സഹകരിക്കാത്ത സാഹചര്യത്തില്‍ ജിഷയുടെ ഫോണില്‍ കണ്ടെത്തിയ മൂന്നു പേരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്. ഇതിലൂടെ തൊഴിലാളികളെ കുറിച്ചോ ഇവരെ പെരുമ്പാവൂരിലെത്തിച്ച ഏജന്റുമാരെ കുറിച്ചോ വ്യക്തമായ വിവരം ലഭിക്കുമെന്നു പൊലീസ് കരുതുന്നു. കുറ്റവാളിയെ പിടികൂടാനാകുമെന്ന ഉറച്ച വിശ്വാസത്തില്‍ത്തന്നെയാണ് അന്വേഷണസംഘം.

© 2024 Live Kerala News. All Rights Reserved.