കൊലപാതകസമയത്ത് ജിഷ ബലാത്സംഘത്തിനിരയായില്ല; മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതായും മുന്‍ അന്വേഷണസംഘം; പ്രതി ബംഗ്ലാദേശിലേക്ക് കടന്നതായി സൂചന

തിരുവനന്തപുരം: പെരുമ്പാവൂരിലെ ജിഷ കൊല്ലപ്പെടുന്ന സമയത്ത് ബലാത്സംഘത്തിനിരയായിട്ടില്ലെന്നും മുമ്പ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിട്ടുണ്ടെന്നും മുന്‍ അന്വേഷണസംഘത്തെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം പ്രതി ബംഗ്ലാദേശിലേക്കു കടന്നതായാണ് സൂചന. കേസിനെ അപ്രതീക്ഷിത വഴിത്തിരിവിലാക്കുന്നതാണു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വിലയിരുത്തിയ വിദഗ്ധ ഡോക്ടര്‍മാരുടെ കണ്ടെത്തലുകള്‍. പ്രതിക്കായി ഇന്റര്‍പോളിന്റെ സേവനം തേടാന്‍ പോലീസ് സി.ബി.ഐയെ സമീപിക്കും. അതേസമയം, ഡല്‍ഹിയിലെ നിര്‍ഭയ കേസിനുശേഷം ദേശീയശ്രദ്ധയാകര്‍ഷിച്ച ജിഷ വധക്കേസില്‍ മുന്‍ അന്വേഷണസംഘത്തിനു ലഭിച്ച തെളിവുകള്‍ ഇതുവരെയുള്ള അഭ്യൂഹങ്ങളെയെല്ലാം അട്ടിമറിക്കുന്നതാണ്. പലതും പരസ്യമാക്കാന്‍ പറ്റാത്തവിധം അമ്പരപ്പിക്കുന്നതാണെന്നു അന്വേഷണസംഘത്തിലെ മുന്‍ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജിഷയുടെ വീട്ടില്‍നിന്നു മദ്യക്കുപ്പിയും ഗ്ലാസും ലഭിച്ചിരുന്നു. വീടിന്റെ വാതിലിനു പുറമേ കുപ്പിയിലും ഗ്ലാസിലും പ്രതിയുടെ വിരലടയാളം പതിഞ്ഞിരുന്നു. ജിഷയുടെ ആന്തരാവയവങ്ങളില്‍ മദ്യത്തിന്റെ അംശവും കണ്ടെത്തി. വീട്ടില്‍ നാലിടത്തുനിന്നു ലഭിച്ച വിരലടയാളം, മുടിയിഴകള്‍, ഉമിനീര്‍ എന്നിവ ഡി.എന്‍.എ. പരിശോധനാഫലവുമായി ഒത്തുപോകുന്നതാണ്. ജിഷയുടെ വ്യക്തിജീവിതത്തില്‍ സ്വാധീനം ചെലുത്തിയിരുന്ന സുഹൃത്തോ പരിചയക്കാരനോ ആകാം കൃത്യം നടത്തിയതെന്നു പോലീസ് സംശയിക്കുന്നു. ജിഷയ്ക്കുണ്ടായിരുന്ന ഭീഷണി കണക്കിലെടുത്തു മാതാവ് പെന്‍ക്യാമറ വാങ്ങിക്കൊടുത്തിരുന്നെങ്കിലും അത് ഒരിക്കല്‍പോലും ഉപയോഗിച്ചിരുന്നില്ല. കൊലപാതകക്കേസില്‍ മൃതദേഹം ദഹിപ്പിക്കരുതെന്ന ചട്ടം ലംഘിക്കപ്പെട്ടതിനാല്‍ പോലീസില്‍ ആര്‍ക്കെങ്കിലും സംഭവവുമായി ബന്ധമുണ്ടോയെന്നാണ് പുതിയസംഘം അന്വേഷിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.