സുരേഷ്‌ഗോപിയെ ഇറക്കിവിട്ട നടപടി എന്‍എസ്എസിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധം: വി.മുരളീധരന്‍

തിരുവനന്തപുരം: എന്‍എസ്എസ് ആസ്ഥാനത്തെത്തിയ ചലച്ചിത്ര നടന്‍ സുരേഷ്‌ഗോപിയോട് അപമര്യാദയായി പെരുമാറുകയും ഇറക്കിവിടുകയും ചെയ്ത സംഭവം എന്‍എസ്എസ് പിന്തുടരേണ്ട മൂല്യങ്ങള്‍ക്ക് വിരുദ്ധമായ നടപടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍. പെരുന്നയിലെ മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ ആര്‍ക്കും അവകാശമുണ്ട്. മന്നത്ത് പത്മനാഭന്‍ സാമുദായിക നേതാവായല്ല അറിയപ്പെടുന്നത്. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക ചരിത്രത്തില്‍ അദ്ദേഹത്തിന് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുള്ള വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്. ഏതൊരാള്‍ക്കും മന്നത്തിനെ ആദരിക്കാനുള്ള അവകാശമുണ്ട്. സാമൂഹ്യബോധമുള്ള മലയാളിയെന്ന നിലയിലാണ് സുരേഷ്‌ഗോപി മന്നം സമാധിയിലെത്തിയത്. സമാധിയില്‍ നിന്ന് എന്‍എസ്എസിന്റെ ഓഫീസിലേക്ക് ജനറല്‍ സെക്രട്ടറിയെ കാണാന്‍ സുരേഷ്‌ഗോപിയെ ഒരു പ്രതിനിധിസഭാംഗം ക്ഷണിച്ചുകൊണ്ടു പോകുകയാണുണ്ടായത്. ജനറല്‍ സെക്രട്ടറിയുടെ മുന്നിലെത്തിയപ്പോഴാണ് ധാര്‍ഷ്ട്യത്തോടെ ഇറങ്ങിപ്പോകാന്‍ ആജ്ഞാപിച്ചത്. മലയാളി കാലങ്ങളായി ആര്‍ജ്ജിച്ചെടുത്ത സാംസ്‌കാരിക സ്വഭാവത്തിനേറ്റ അടിയാണ് എന്‍എസ്എസ് ആസ്ഥാനത്തു നിന്ന് സുരേഷ്‌ഗോപിക്കേറ്റതെന്ന് മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വന്തം വീട്ടിലെത്തുന്നത് ശത്രുവാണെങ്കില്‍ പോലും സ്വീകരിച്ചിരുന്ന മലയാളിയുടെ പാരമ്പര്യമാണ് അവഹേളിക്കപ്പെട്ടത്. പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനം ഒരു സംഘടനയുടെ ഓഫീസ് മാത്രമല്ല. അങ്ങനെ ധരിക്കുന്നവര്‍ ചരിത്രം മനസ്സിലാക്കാത്തവരാണ്. മന്നത്താചാര്യന്‍ കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനത്തിന്റെ ഓര്‍മ്മപ്പെടുത്തലിനുള്ള ഇടമാണ് മന്നം സമാധിയും പെരുന്നയിലെ ആസ്ഥാനവും. കേരളീയ സമൂഹത്തിന്റെ ആകെ സ്വത്താണത്. ചിലരെങ്കിലും സ്വന്തം പോലെ ഉപയോഗിക്കുന്ന പെരുന്നയിലെ സമാധിയുടെയും ആസ്ഥാനത്തിന്റെയും മഹത്വമറിയാത്തവരാണ് നടനെന്നനിലയിലും സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയിലും മലയാളികള്‍ക്കിടയില്‍ സ്ഥാനം നേടിയിട്ടുള്ള സുരേഷ്‌ഗോപിയോട് അപമര്യാദയായി പെരുമാറിയത്. താനാണ് ശിരിയെന്നും താന്‍മാത്രമാണ് വലുതെന്നും ധരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. തന്നേക്കാള്‍ ചെറിയവരോടുപോലും എളിമയോടെ പെരുമാറിയിട്ടുള്ള മന്നത്താചാര്യന്റെ മഹത്വത്തെ ഇല്ലായ്മചെയ്യാനെ അത്തരം പ്രവര്‍ത്തികള്‍ ഉപകരിക്കൂ. സുരേഷ്‌ഗോപി അഹങ്കാരം പ്രവര്‍ത്തിച്ചു എന്നാണ് ജനറല്‍സെക്രട്ടറിയുടെ വാദം. അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയതും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി പിന്തുണയ്ക്കുന്നതുമാണ് സുരേഷ്‌ഗോപി ചെയ്ത അഹങ്കാരമായി അദ്ദേഹം കാണുന്നുണ്ടെങ്കില്‍ അത്തരം ‘അഹങ്കാരങ്ങള്‍’ ആവര്‍ത്തിക്കാന്‍ കൂടുതല്‍ സുരേഷ്‌ഗോപിമാര്‍ ഇനിയും രംഗത്തുവരുമെന്ന് ഓര്‍മ്മിപ്പിക്കുന്നതായും വി.മുരളീധരന്‍ പ്രസ്താവനയില്‍ പറഞ്ഞു.